ശബരിമല യുവതി പ്രവേശനം: നിലയ്ക്കലില്‍ ഉണ്ടായ സംഘര്‍ഷങ്ങളുടെ ദൃശ്യങ്ങളും തെളിവുകളും ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം

കൊച്ചി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ ഉണ്ടായ സംഘര്‍ഷങ്ങളുടെ ദൃശ്യങ്ങളും തെളിവുകളും തിങ്കളാഴ്ച ഹാജരാക്കണമെന്ന് ഹൈക്കോടതി. ദൃശ്യങ്ങള്‍ മുദ്രവെച്ച കവറില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും മാധ്യമങ്ങളോട് കൂടുതല്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. സംഘര്‍ത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ശബരിമല വിഷയത്തില്‍ രണ്ടു ഹര്‍ജികളാണ് കോടതിക്കുമുന്നില്‍ എത്തിയത്. പോലീസ് അറസ്റ്റ് ചെയ്ത പ്രതികളിലൊരാളുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതി സര്‍ക്കാരിനോട് സംഘര്‍ഷങ്ങളുടെ ദൃശ്യങ്ങള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടത്. ഫോട്ടോ മാത്രമല്ല, മറ്റു തെളിവുകളും വേണമെന്നും കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ തിങ്കളാഴ്ച ഹാജരാക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു.
മണ്ഡല മകരവിളക്കിന്റെ ഭാഗമായി ശബരിമല നട വീണ്ടും തുറക്കാന്‍ പോകുന്ന സാഹചര്യത്തില്‍ സംഘര്‍ഷ കേസുകളിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അത് സാഹചര്യം ഗുരുതരമാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംഘര്‍ഷങ്ങളുടെ ദൃശ്യങ്ങളും മറ്റു തെളിവുകളും പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പറ്റൂ എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. തുടര്‍ന്നാണ് ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.

Similar Articles

Comments

Advertismentspot_img

Most Popular