ടീമില്‍ നിന്ന് ഒഴിവാക്കിയ കാര്യം അറിഞ്ഞപ്പോള്‍ ധോണിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു വെളിപ്പെടുത്തലുമായി സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ്

മുംബൈ: ടി20 ടീമില്‍ നിന്ന് മഹേന്ദ്ര സിംഗ് ധോണിയെ ഒഴിവാക്കിയതിനെ ചുറ്റിപ്പറ്റി കഴിഞ്ഞ കുറേ ദിവസമായി ക്രിക്കറ്റ് ലോകത്ത് പലതരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.. ധോണിയെ ഒഴിവാക്കിയതില്‍ വിയോജിപ്പ് അറിയിച്ചും അനുകൂലിച്ചും ഇതിനോടകം തന്നെ നിരവധി പേര്‍ രംഗത്തുവന്നുകഴിഞ്ഞു. മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ദ്ധരുമടക്കമുള്ള പലരും ഇക്കാര്യത്തില്‍ തങ്ങളുടെ അഭിപ്രായം അറിയിച്ചു. എന്നാല്‍ ഇതു വരെ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ ധോണി തയ്യാറായിട്ടില്ല. ഇപ്പോളിതാ ടീമില്‍ നിന്ന് ഒഴിവാക്കിയ കാര്യം അറിഞ്ഞപ്പോള്‍ ധോണിയുടെ പ്രതികരണം എങ്ങനെയായിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സെലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ്.
ടി20 ടീമില്‍ നിന്ന് ധോണിയെ ഒഴിവാക്കുന്ന കാര്യം പറയാന്‍ തനിക്ക് ധോണിയോട് സംസാരിക്കേണ്ടി വന്നെന്നും എന്നാല്‍ വളരെ സൗമ്യനായാണ് ധോണി കാര്യങ്ങളെല്ലാം കേട്ടതെന്നും പറഞ്ഞ പ്രസാദ്, ഇങ്ങനെ കൂട്ടിച്ചേര്‍ത്തു, ‘ താന്‍ ധോണിയോട് സംസാരിച്ചിരുന്നു, ടീമില്‍ ഒരു രണ്ടാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വേണമെന്ന ആവശ്യം താന്‍ അദ്ദേഹത്തെ അറിയിച്ചു. അത് കൊണ്ട് തന്നെ ധോണിയെ ഒഴിവാക്കുകയാണെന്നും പകരം മറ്റ് വിക്കറ്റ് കീപ്പര്‍മാര്‍ക്ക് അവസരം നല്‍കുകയാണെന്നും പറഞ്ഞു. എന്നാല്‍ വളരെ സൗമ്യനായി ഇതെല്ലാം കേട്ട ധോണി, യാതൊരു അനിഷ്ടവും കാണിക്കാതെ താന്‍ പറഞ്ഞ കാര്യങ്ങളെ പിന്തുണയ്ക്കുകയായിരുന്നു’. പ്രസാദ് പറഞ്ഞുനിര്‍ത്തി.
അതേ സമയം വെസ്റ്റിന്‍ഡീസിനും, ഓസ്‌ട്രേലിയക്കുമെതിരായ ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതോടെ ധോണിയുടെ ടി20 കരിയറിന് ഏറെക്കുറേ അവസാനമായതായാണ് കരുതപ്പെടുന്നത്. 2007 ല്‍ ഇന്ത്യയെ പ്രഥമ ടി20 ലോകകിരീടത്തിലേക്ക് നയിച്ചധോണി, 93 ടി20 മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. 37.17 ശരാശരിയില്‍ 1487 റണ്‍സാണ് കുട്ടി ക്രിക്കറ്റില്‍ താരത്തിന്റെ സമ്പാദ്യം.

Similar Articles

Comments

Advertismentspot_img

Most Popular