അല്‍പന്മാര്‍ക്ക് മറുപടി പറയാത്തതാണ്; അനുചരന്മാര്‍ അറിയനാണ് ഇപ്പോള്‍ പറയുന്നത്; ഭീഷണി ഗുജറാത്തില്‍ മതിയെന്ന് അമിത്ഷായോട് മുഖ്യമന്ത്രി

പാലക്കാട്: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്ന് പറഞ്ഞ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്ക് കടുത്ത ഭാഷയില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫ് സര്‍ക്കാരിനെ വലിച്ച് താഴെയിടാനുള്ള തടി അമിത്ഷായ്ക്ക് ഇല്ലെന്ന് പരിഹസിച്ച മുഖ്യമന്ത്രി ഭീഷണി ഗുജറാത്തില്‍ മതിയെന്നും വ്യക്തമാക്കി.

സാധാരണ അല്‍പന്മാര്‍ക്ക് മറുപടി പറയാത്തതാണ്. അനുചരന്മാര്‍ അറിയനാണ് ഇപ്പോള്‍ പറയുന്നത്. കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കും. യാഥാസ്ഥിതിക വിഭാഗത്തിന്റെ ഭീഷണിക്ക് വഴങ്ങില്ല. അമിത് ഷായുടെ വാക്ക് കേട്ട് ആര്‍.എസ്.എസുകാര്‍ കളിക്കാന്‍ വന്നാല്‍ വല്ലാത്ത കളിയാകും. എത്ര കാലമായി ബി.ജെ.പി കേരളത്തില്‍ രക്ഷപ്പെടാന്‍ നോക്കുന്നു. നിങ്ങള്‍ക്ക് ഈ മണ്ണില്‍ സ്ഥാനമില്ലെന്ന് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പാലക്കാട് നടന്ന പി.കെ.എസ് സംസ്ഥാന സമ്മേളന വേദിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നേരത്തെ കേരളത്തെ തകര്‍ക്കാന്‍ ആരൊക്കെ ശ്രമിച്ചാലും അത് മറികടക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മലയാളി എന്ന വികാരമുള്ളത് കൊണ്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധനസഹായം ഒഴുകുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രവാസി സംഘടനയായ കല മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടിക്ക് നല്‍കുന്ന വി സാംബശിവന്‍ പുരസ്‌കാരം സമര്‍പ്പിക്കാന്‍ പട്ടാമ്പിയില്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിക്കെതിരെ പട്ടാമ്പിയിലെ വേദിയിലേക്ക് കരിങ്കൊടി പ്രതിഷേധവുമായി എത്തിയ ബി.ജെ.പി പ്രവര്‍ത്തകരെ നൂറ് മീറ്റര്‍ അകലെവച്ച് പോലീസ് തടഞ്ഞു. കേരളത്തെ നിങ്ങള്‍ അങ്ങനെ പുനര്‍നിര്‍മിക്കേണ്ട എന്ന നിലപാട് കാരണമാണ് മന്ത്രിമാര്‍ക്ക് കേന്ദ്രം വിദേശ യാത്രാനുമതി നിഷേധിച്ചതെന്നും പിണറായി ആരോപിച്ചു.

പ്രളയത്തില്‍ അകപ്പെട്ട കേരളത്തെ പുനര്‍നിര്‍മിക്കുന്നതിന് വേണ്ടിയാണ് മന്ത്രിമാര്‍ വിദേശയാത്രയ്ക്ക് അനുമതി നേടിയത്. പ്രധാനമത്രിയോട് നേരില്‍ സംസാരിച്ച ശേഷമാണ് അപേക്ഷ നല്‍കിയത്. പക്ഷെ നിങ്ങള്‍ അങ്ങനെ കേരളത്തെ പുനര്‍നിര്‍മിക്കണ്ട എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.

കേരളത്തിന്റെ മക്കള്‍ വിവിധ രാജ്യങ്ങളില്‍ ഉണ്ട്. അവരെ അവരാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച നാടിനെ സഹായിക്കാന്‍ വേണ്ടി നേരിട്ടുകണ്ട് അഭ്യര്‍ഥിക്കാന്‍ മന്ത്രിമാര്‍ പോകുമ്പോള്‍ അത് പാടില്ല എന്ന നിലപാട് എടുത്തതിന് എന്താണ് അര്‍ത്ഥം. കേരളത്തെ തകര്‍ക്കുക എന്നതാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular