ശബരിമലയില്‍ ആര്‍.എസ്.എസിന് പണ്ടുതൊട്ടേ താത്പര്യമില്ല; എല്ലാ ജാതിമതവിഭാഗങ്ങളിലുമുള്ളവര്‍ അവിടെ വരുന്നതാണ് കാരണമെന്ന് മുഖ്യമന്ത്രി

കോട്ടയം: എല്ലാക്കാലത്തും എതിര്‍പ്പുകള്‍ മറികടന്നാണ് കേരളത്തില്‍ നവോത്ഥാനം ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്‍.ഡി.എഫ്. വ്യാഴാഴ്ച കോട്ടയത്തു നടത്തിയ രാഷ്ട്രീയ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരുകാലത്ത് പൊതുവഴിയിലൂടെ നടക്കാന്‍ അവകാശമില്ലായിരുന്നവര്‍ അതിനു ശ്രമിച്ചപ്പോള്‍ തടഞ്ഞു. മാറുമറയ്ക്കാന്‍ അവസരമില്ലാതിരുന്നവര്‍ മാറുമറച്ചപ്പോള്‍ തടഞ്ഞു. ഋതുമതിപോലുമാകാത്ത കുട്ടികളെ വളരെ പ്രായമായ ആള്‍ കല്ല്യാണംകഴിച്ചിരുന്നു. എല്ലാ സമൂഹങ്ങളിലും ഇത്തരം ദുരാചാരങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെല്ലാം എതിരേ പുരോഗമനപരമായ ആശയങ്ങളും ഉയര്‍ന്നുവന്നു. അത്തരം ആശയങ്ങള്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ഈ സര്‍ക്കാരും തുടരും.

ശബരിമലയെ കലാപഭൂമിയാക്കാനുള്ള സംഘപരിവാറിന്റെയും അതിനെ പിന്തുണയ്ക്കുന്ന യു.ഡി.എഫിന്റെയും ഈര്‍ക്കിലി കണ്ട് ഈ സര്‍ക്കാര്‍ ചൂളി പിന്‍മാറില്ല. ശബരിമലയിലേത് വിശ്വാസപ്രശ്‌നമാണെന്ന നിലപാടാണ് ഇപ്പോള്‍ ആര്‍.എസ്.എസിനുള്ളത്. ഭരണഘടനയല്ല, വിശ്വാസമാണ് വലുതെന്ന സമീപനം അപകടകരമാണ്. ശബരിമലയില്‍ ആര്‍.എസ്.എസിന് പണ്ടുതൊട്ടേ താത്പര്യമില്ല. എല്ലാ ജാതിമതവിഭാഗങ്ങളിലുംപെട്ടവര്‍ അവിടെ വരുന്നതാണ് കാരണം. സുപ്രീംകോടതിവിധി നടപ്പാക്കുമെന്നുമാത്രമേ ഇടതുപക്ഷസര്‍ക്കാര്‍ പറഞ്ഞിട്ടുള്ളൂ. അങ്ങനെയൊരു സമീപനമേ സര്‍ക്കാരുകള്‍ക്ക് സ്വീകരിക്കാനാകൂ. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കാത്തത്.

2006ലാണ് ശബരിമല സംബന്ധിച്ച കേസ് വന്നത്. 2007ലെ ഇടതുസര്‍ക്കാര്‍ പുരുഷനും സ്ത്രീക്കും തുല്യാവകാശമുണ്ടെന്ന് കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി. എന്നാല്‍, വിശ്വാസപ്രശ്‌നം ആയതിനാല്‍ ഹിന്ദുധര്‍മശാസ്ത്രത്തില്‍ പാണ്ഡിത്യമുള്ളവരുടെ കമ്മിഷന്‍ രൂപവത്കരിച്ച് അഭിപ്രായം തേടണമെന്നും അറിയിച്ചിരുന്നു. വിധി എന്തായാലും അംഗീകരിക്കുമെന്നും അന്ന് വ്യക്തമാക്കി. അടുത്തിടെയും ഇതേ നിലപാടാണ് സര്‍ക്കാര്‍ ആവര്‍ത്തിച്ചത്.

തെറ്റിദ്ധരിക്കപ്പെട്ട് സമരത്തിനിറങ്ങിയവര്‍ യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് പിന്മാറണം. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, മന്നത്ത് പദ്മനാഭന്‍, അയ്യങ്കാളി എന്നിവര്‍ നവോത്ഥാനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ തുടരാനുള്ള ബാധ്യത കേരളത്തിന്റെ മതേതര മനസ്സിനുണ്ട്. ഇക്കാര്യത്തില്‍, യു.ഡി.എഫ്. സ്വീകരിച്ച സമീപനം അവര്‍ക്കുതന്നെ വിനയാകും. ബി.ജെ.പി.യുടെ സമരങ്ങളെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസുകാര്‍ രണ്ടു വള്ളത്തില്‍ കാല്‍വെച്ചവരാണ്. യു.ഡി.എഫിലുള്ള മറ്റുകക്ഷികള്‍ ഇത് തിരിച്ചറിയണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

അതിനിടെ ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഇടതുപക്ഷത്ത് ഒരു ഭിന്നതയുമില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ചിലര്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നുണ്ട്. അതിനുവെച്ച വെള്ളം വാങ്ങിവെച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular