മകള്‍ ജനിച്ചതില്‍ കാവ്യയ്ക്കും ദിലീപിനും ആശംസകള്‍ അറിയിച്ചതില്‍ നടിമാര്‍ക്ക് എതിര്‍പ്പ്‌

വീണ്ടും അച്ഛനായതിന്റെ സന്തോഷത്തിലാണ് ദിലീപും കാവ്യയും. നിരവധി പേര്‍ ഇവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് എത്തുന്നുണ്ട്. എന്നാല്‍ മകള്‍ ജനിച്ചതില്‍ ദിലീപിനും കാവ്യ മാധവനും ആശംസകള്‍ നേര്‍ന്ന മാധ്യമപ്രവര്‍ത്തകയോട് എതിര്‍പ്പറിയിച്ച് നടിമാര്‍. ഫിലിം ജേണലിസ്റ്റ് ശ്രീദേവി ശ്രീധറിനാണ് റായ് ലക്ഷ്മി, തപ്സി പന്നു, ശ്രിയ ശരണ്‍, രാകുല്‍ പ്രീത്, ലക്ഷ്മി മഞ്ചു എന്നിവരുടെ പ്രതിഷേധം നേരിടേണ്ടിവന്നത്. ദിലീപിനും കാവ്യയ്ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് അവരുടെ വിവാഹചിത്രമടക്കം ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു ശ്രീദേവി ശ്രീധര്‍. ട്വിറ്ററിലൂടെത്തന്നെയാണ് നടിമാരും തങ്ങളുടെ എതിര്‍പ്പറിയിച്ചത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ക്രിമിനല്‍ റെക്കോര്‍ഡുകളിലുള്ള ദിലീപിന് ആശംസകള്‍ അറിയിച്ചതിനോടാണ് നടിമാര്‍ക്ക് എതിര്‍പ്പ്.

തെലുങ്ക് നടി ലക്ഷ്മി മഞ്ചുവാണ് ശ്രീദേവിയുടെ ട്വീറ്റില്‍ ആദ്യം എതിര്‍പ്പറിയിച്ചത്. നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ക്രിമിനല്‍ റെക്കോര്‍ഡുകളിലുള്ള ദിലീപിനെ ‘ലവ്ലി’ എന്നൊക്കെ സംബോധന ചെയ്ത് ടാഗ് ചെയ്തത് വിശ്വസിക്കാനാവില്ലെന്നെന്നായിരുന്നു ലക്ഷ്മിയുടെ പ്രതികരണം. ‘ദിലീപിന് എതിരായതിനാല്‍ മലയാളസിനിമയിലെ നടിമാര്‍ അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യുന്നില്ല. ഇവിടെ മാധ്യമപ്രവര്‍ത്തകയായ നിങ്ങള്‍ ദിലീപിനുവേണ്ടി നിലകൊള്ളുന്നു. എന്തൊരു നാണക്കേടാണ് ഇത്’, ലക്ഷ്മി മഞ്ചു ട്വീറ്റ് ചെയ്തു.

ലക്ഷ്മിയുടെ ട്വീറ്റിന് പിന്നാലെ അവര്‍ക്ക് പിന്തുണയുമായി റായ് ലക്ഷ്മി, തപ്സി പന്നു, ശ്രിയ ശരണ്‍, രാകുല്‍ പ്രീത് എന്നിവരും എത്തി. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവുന്നതല്ലെന്നായിരുന്നു റായ് ലക്ഷ്മിയുടെ ട്വീറ്റ്. ‘എനിക്ക് ലക്ഷ്മിയുടെ അതേ അഭിപ്രായമാണ്. തെറ്റായ പല കാരണങ്ങള്‍കൊണ്ടും എനിക്ക് ശ്രീദേവി ശ്രീധറിനെ അറിയാം. ഏത് തരത്തിലുള്ള സ്ത്രീയാണെന്ന് അവരിപ്പോള്‍ തെളിയിച്ചിരിക്കുന്നു’, റായ് ലക്ഷ്മി ട്വീറ്റ് ചെയ്തു.

കുറ്റാരോപിതനെ ആഘോഷിക്കല്‍ തുടരുവോളം മീ ടൂ ക്യാംപെയ്ന്‍ എന്തെങ്കിലും ഗുണപരമായ തീര്‍പ്പുകള്‍ ഉണ്ടാക്കുമെന്ന് കരുതുന്നില്ലെന്നായിരുന്നു പ്രമുഖ ബോളിവുഡ് താരം തപ്സി പന്നുവിന്റെ ട്വീറ്റ്. ഇത്തരത്തില്‍ കാര്യങ്ങള്‍ മുന്നോട്ടുപോയാല്‍ കൂടുതല്‍ സ്ത്രീകള്‍ ഈ മുന്നേറ്റത്തിനൊപ്പം നില്‍ക്കാതെ വരുമെന്നും തപ്സി കുറിച്ചു.

SHARE