തോന്നുമ്പോള്‍ നടയടച്ച് പോകാന്‍ പറ്റില്ല; നടയടയ്ക്കുമെന്ന തന്ത്രിയുടെ പ്രഖ്യാപനം കോടതിയലക്ഷ്യം

സന്നിധാനം: ശബരിമല യുവതീ പ്രവേശത്തില്‍ തന്ത്രിയുടെ നിലപാടിനെതിരെ ദേവസ്വം ബോര്‍ഡംഗം കെ.പി ശങ്കര്‍ദാസ്. സന്നിധാനത്തു യുവതി വന്നാല്‍ നടയടയ്ക്കുമെന്ന കണ്ഠര് രാജീവരുടെ പ്രഖ്യാപനം കോടതിവിധിയോടുള്ള ലംഘനമാണ്. യാഥാര്‍ഥ്യം അറിയാമായിരുന്നിട്ടും തന്ത്രി കുടുംബവും പന്തളം രാജകുടുംബവും ചിലരുടെ രാഷ്ട്രീയ അജന്‍ഡയ്ക്കു വേണ്ടി നിന്നുകൊടുക്കുകയാണെന്നും ശങ്കര്‍ദാസ് മനോരമ ന്യൂസിനോടു പറഞ്ഞു.

ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമല കയറാമെന്നാണു സുപ്രീംകോടതി വിധി. ആ വിധി അംഗീകരിക്കാന്‍ തന്ത്രിക്കും ബാധ്യതയുണ്ട്. അല്ലാതെ തോന്നുമ്പോള്‍ നടയടച്ച് പോകാന്‍ പറ്റില്ല. പൂജയില്‍ മേല്‍ശാന്തിമാരെ സഹായിക്കാന്‍ വേണ്ടിയാണു പരികര്‍മ്മികളുള്ളത്. അവരുടെ ജോലി സമരം ചെയ്യല്ല. അതുകൊണ്ടാണ് അവരോടു വിശദീകരണം ചോദിച്ചത്. രഹ്ന ഫാത്തിമ സന്നിധാനത്ത് എത്തിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു സംശയിക്കുന്നു. ശബരിമലയിലെ സ്ഥിതിവിശേഷം എത്രയും വേഗം സുപ്രീംകോടതിയെ അറിയിക്കുമെന്നും സമവായത്തിന്റ പാത അടഞ്ഞിട്ടില്ലെന്നും ശങ്കര്‍ദാസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മല കയറാനെത്തിയ യുവതികളുടെ പിന്മാറ്റത്തിനു വഴിയൊരുക്കിയതു നടയടച്ചിടുമെന്ന തന്ത്രിയുടെ നിലപാടും സര്‍ക്കാര്‍ ഇടപെടലുമാണ്. സന്നിധാനത്ത് യുവതികള്‍ എത്തിയാല്‍ നട അടച്ചിട്ട് നാട്ടിലേക്കു പോകുമെന്ന് തന്ത്രി കണ്ഠര് രാജീവര് വ്യക്തമാക്കുകയായിരുന്നു. കുടുംബത്തോട് സംസാരിച്ചശേഷമാണ് തീരുമാനം എന്നും പറഞ്ഞു. ശബരിമല യുദ്ധക്കളമാക്കാതിരിക്കാനുളള വിവേകം പൊലീസിനുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളോടും കാരണവരോടും ചര്‍ച്ച ചെയ്ത ശേഷമാണ് തീരുമാനം. സുപ്രീം കോടതി വിധിയെ മാനിക്കുന്നു. പക്ഷേ താന്‍ ഭക്തര്‍ക്കൊപ്പമാണെന്നും യുവതികള്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നുമായിരുന്നു തന്ത്രിയുടെ നിലപാട്.

ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന പുണ്യഭൂമിയെന്ന് ദേവസ്വംമന്ത്രി പറഞ്ഞതോടെയാണ് പിരിമുറുക്കം അയഞ്ഞത്. നടപ്പന്തല്‍ വരെ എത്തിയ യുവതികളെ ഉടന്‍ തിരിച്ചിറക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഐ.ജി എസ്. ശ്രീജിത്തിനോട് നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്തു ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.

Similar Articles

Comments

Advertismentspot_img

Most Popular