ശബരിമലയില്‍ പ്രശ്‌നപരിഹാരത്തിനു വിട്ടുവീഴ്ചയ്ക്കു തയാറാണെന്നു ദേവസ്വം ബോര്‍ഡ്

സന്നിധാനം/പമ്പ: ശബരിമലയില്‍ പ്രശ്‌നപരിഹാരത്തിനു വിട്ടുവീഴ്ചയ്ക്കു തയാറാണെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. പുനഃപരിശോധന ഹര്‍ജിയിലടക്കം നാളെ തീരുമാനമെടുക്കും. ഒരു പ്രശ്‌നവും ഉണ്ടാകരുതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ ആഗ്രഹം. സമാധാനമുണ്ടാക്കാന്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കണം. എന്തു തീരുമാനമെടുത്താല്‍ പ്രശ്‌നപരിഹാരം കാണാനാകുമെന്ന് അദ്ദേഹം ചോദിച്ചു. പരിഹാരങ്ങള്‍ നിര്‍ദേശിച്ചാല്‍ ബോര്‍ഡ് അത് പരിഗണിക്കുമെന്നും പത്മകുമാര്‍ പറഞ്ഞു.
വെള്ളിയാഴ്ച ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ശബരിമല വിധിയില്‍ പുനഃപരിശോധന ഹര്‍ജി കൊടുക്കുന്നത് പരിഗണിച്ചാല്‍ പ്രതിഷേധക്കാര്‍ സമരം നിര്‍ത്തുമോയെന്ന് പദ്മകുമാര്‍ ചോദിച്ചു. പ്രതിസന്ധി മറികടക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് രാഷ്ട്രീയത്തിനില്ലെന്നും പദ്മകുമാര്‍ വ്യക്തമാക്കി.

അതിനിടെ, നിലയ്ക്കലില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ലംഘിച്ചു. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ ഏഴു പേരെത്തിയാണു നിരോധനാജ്ഞ ലംഘിച്ചത്. ശബരിമലയില്‍നിന്ന് പ്രതിഷേധക്കാരെയും അക്രമകാരികളെയും നീക്കുന്നതിനായുള്ള ശ്രമത്തിലാണു പൊലീസ്. നീലിമല, അപ്പാച്ചിമേട് ഭാഗത്തു പ്രതിഷേധക്കാരുണ്ടെന്നു സംശയം ഉയര്‍ന്നതിനെത്തുടര്‍ന്നു പൊലീസ് അങ്ങോട്ടു തിരിച്ചു. പ്രശ്‌നക്കാരായ 50 പേര്‍ മലമുകളില്‍ ഉണ്ടെന്നാണു വിവരം ലഭിച്ചിരിക്കുന്നത്. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി.

Similar Articles

Comments

Advertismentspot_img

Most Popular