ഡബ്യുസിസിയുടെ ഹര്‍ജിയില്‍ ‘അമ്മ’യ്ക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: താരസംഘടനയായ അമ്മയില്‍ ലൈംഗികാതിക്രമ പരാതികള്‍ കൈകാര്യം ചെയ്യാന്‍ ആഭ്യന്തര സമിതിയെ നിയമിക്കണമെന്ന വിമന്‍ ഇന്‍ സിനിമാ കലക്ടീവിന്റെ (ഡബ്ല്യുസിസി) ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനും താര സംഘടനയ്ക്കും നോട്ടിസ് അയച്ചു. ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഡബ്ല്യുസിസിയും പ്രസിഡന്റ് റിമ കല്ലിങ്കലുമാണു ഹര്‍ജിക്കാര്‍.
സിനിമാ മേഖലയുമായി ബന്ധപ്പെട്ടു ചൂഷണ, അതിക്രമ സംഭവങ്ങള്‍ പുറത്തുവരുന്നതിന്റെ പശ്ചാത്തലത്തില്‍, പരാതി പരിഹാര സംവിധാനം അത്യാവശ്യമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. സുപ്രീംകോടതിയുടെ ‘വിശാഖാ കേസ്’ വിധിയനുസരിച്ച് തൊഴിലുമായി ബന്ധപ്പെട്ടുള്ള ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ സംവിധാനം വേണം. തൊഴിലിടത്തെ ലൈംഗികാതിക്രമം തടയാന്‍ നിയമം സൊസൈറ്റികള്‍ക്ക് ഉള്‍പ്പെടെ ബാധകമാണ്. അമ്മ സംഘടനയില്‍ ഇത്തരം സംവിധാനമില്ലാത്തതു നിയമവിരുദ്ധവും മൗലികാവകാശ ലംഘനവുമാണ്. പരാതി പരിഹാര സമിതി രൂപീകരിക്കാന്‍ ‘അമ്മ’യ്ക്കു നിയമപരമായ ബാധ്യതയുണ്ടെന്നു പ്രഖ്യാപിക്കണമെന്നുമാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഇതില്‍ നിലപാട് അറിയിക്കാനാവശ്യപ്പെട്ടാണ് അമ്മയ്ക്കും സര്‍ക്കാരിനും നോട്ടിസ്.

Similar Articles

Comments

Advertismentspot_img

Most Popular