നിലയ്ക്കലില്‍ സംഘര്‍ഷാവസ്ഥ; പൊലീസ് ലാത്തിവീശി; വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം; വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു; വിധി നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍

നിലയ്ക്കല്‍: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നിലയ്ക്കലില്‍ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തില്‍ പോലീസ് ലാത്തിവീശി. നിലയ്ക്കല്‍ ക്ഷേത്രത്തിന് സമീപത്താണ് പോലീസ് നടപടി.
രാവിലെ മുതല്‍ തന്നെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ ആക്രമിക്കുകയും അവരുടെ വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്ന സാഹചര്യമായിരുന്നു ഇവിടെ. ബസുകളില്‍ നിന്ന് യുവതികളേയും വനിതാ പോലീസ് ഉദ്യോഗസ്ഥരേയും സമരക്കാര്‍ ഇറക്കി വിടുന്നുണ്ടായിരുന്നു. പരിക്കേറ്റ വനിതാ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയില്‍ എത്തിക്കാനെത്തിയ പോലീസ് വാഹനത്തിന് നേരെ കല്ലേറുമുണ്ടായി. ഇതോടെയാണ് പോലീസ് ലാത്തി വീശിയത്. പോലീസ് വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. ലാത്തിച്ചാര്‍ജിനിടെയും പോലീസിന് നേരെ കല്ലേറുണ്ടായി. എഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു.

പ്രധാന പാതയ്ക്ക് മുന്നിലുള്ള ക്ഷേത്രത്തിന് മുന്നില്‍ തടിച്ചു കൂടിയ ആളുകളെ പിരിച്ചുവിടാനാണ് ലാത്തിച്ചാര്‍ജ് നടത്തിയത്. നിലയ്ക്കല്‍ രണ്ടാം ഗേറ്റിനടത്തും സംഘര്‍ഷം പടരുകയാണ്. തുടര്‍ന്ന് ഇവിടേയും പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. പോലീസ് നടപടി തുടരുകയാണ്. ലാത്തിച്ചാര്‍ജിനെ തുടര്‍ന്ന് ജനങ്ങള്‍ പിരിഞ്ഞ് പോയെങ്കിലും വീണ്ടും തിരിച്ചെത്തിയിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരം വ്യാപക ആക്രമണമാണ് നടക്കുന്നത്. നിരവധി ചാനലുകളുടെ ക്യാമറകളും വാഹനങ്ങളും സമരക്കാര്‍ അടിച്ച് തകര്‍ത്തു. ഷീറ്റു കെട്ടി മറച്ച് കടന്നു പോകുകയാരുന്ന ട്രാക്ടറില്‍ യുവതികളെ ഒളിച്ചു കടത്തുകയാണെന്ന സംശയത്തില്‍ തടഞ്ഞു പരിശോധിച്ചു. ഇതില്‍ പോലീസുകാരാണ് ഉണ്ടായിരുന്നത്. ഈ രംഗങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ദേശീയ ചാനലിന്റെ ക്യാമറാമാനെ സമരക്കാര്‍ അക്രമിച്ചു. രാവിലെ നാമജപ സമരത്തിലുണ്ടായിരുന്നവര്‍ക്ക് പകരം പുതിയ ആളുകളാണ് ഉച്ചയ്ക്ക് ശേഷമെത്തിയത്. ഇവരെത്തിയതിനെത്തുടര്‍ന്നാണ് സമരം അക്രമാസക്തമായത്.

ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും ഇത്തരമൊരു സമരത്തെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഭരണകൂടവും നിയമവാഴ്ചയുമുള്ള രാജ്യം എന്ന നിലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കാതെ സര്‍ക്കാരിന് മറ്റു മാര്‍ഗമില്ലെന്നും അദ്ദേഹം പറഞ്ഞു. സന്നിധാനത്ത് ഇന്നുനടന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഒരു വ്യാഴവട്ടമായി ഈ കേസിനു പിന്നില്‍ പ്രവര്‍ത്തിച്ചവരേയും കേസ് കൊടുത്തവരേയും മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരണം. 2006ല്‍ ആര്‍എസ്എസ് നേതാക്കള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി വിധിയിലേക്ക് നയിച്ചത്. ഇക്കാര്യം മനസ്സിലാക്കിയാല്‍ യഥാര്‍ഥ വിശ്വാസികളുടെ ഇപ്പോഴുള്ള ആശങ്കകള്‍ ഇല്ലാതെയാകും.

പോലീസിനെ ഉപയോഗിച്ച് ബലമായി കാര്യങ്ങള്‍ ചെയ്യാനല്ല സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഒന്നും അടിച്ചേല്‍പ്പിക്കില്ല. അനുരഞ്ജനത്തിന്റെ വഴി സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ ആഗ്രഹം. ഒന്നോ രണ്ടോ ദിവസംകൊണ്ട് പെട്ടെന്ന് എന്തെങ്കിലും ചെയ്യാനല്ല ഉദ്ദേശിക്കുന്നത്. സുപ്രീം കോടതി വിധി മൂലം ഉണ്ടായ വിശ്വാസികളുടെ വികാരത്തെ സര്‍ക്കാര്‍ മാനിക്കുകതന്നെ ചെയ്യും. അധികം വൈകാതെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഭക്തരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കും. അവര്‍ യാഥാര്‍ഥ്യം മനസ്സിലാക്കുമ്പോള്‍ സമരങ്ങളില്‍ നിന്ന് പിന്‍തിരിയും. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി അന്തരീക്ഷം കലുഷിതമാക്കുന്നവരെ സര്‍ക്കാര്‍ ആ രീതിയില്‍ നേരിടും. പ്രശ്നം പരിഹരിക്കുന്നതിന് തന്ത്രിമാരുമായും രാജകുടുംബവുമായും എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ബഹളം ഉണ്ടാക്കുന്ന ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ മഹാരാഷ്ട്രയിലെ ശനി ക്ഷേത്രം സ്ത്രീകള്‍ക്കായി തുറന്ന് നല്‍കിയപ്പോള്‍ എവിടെ പോയിരുന്നു? അവര്‍ ഇപ്പോള്‍ അവരുടെ അജണ്ട നടപ്പിലാക്കാന്‍ ഇറങ്ങിയിരിക്കുകയാണ്. ഇപ്പോള്‍ പ്രതിഷേധിക്കുന്നതിന് തെരുവിലിറങ്ങിയ സാധാരണ ജനങ്ങള്‍ ഇത്തരക്കാരുടെ മുഖത്ത് തുപ്പുന്ന ദിവസം വരും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രായം പരിശോധിച്ച നടപടി തെറ്റാണെന്നും അത് അനാവശ്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡല മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. ഓരോ വകുപ്പിനും ഓരോ നോഡല്‍ ഓഫീസര്‍ ഉണ്ടാകും. വിശദമായ അവലോകന യോഗമാണ് ഇന്ന് നടന്നതെന്നും കഴിഞ്ഞ കാലങ്ങളിലേതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ മണ്ഡലകാലത്തെ പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു. നവംബര്‍ 10ന് മുമ്പായി നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular