സന്നിധാനത്തേക്ക് 45കാരി മലകയറി; പ്രതിഷേധം സംഘര്‍ഷത്തില്‍; യുവതി തിരിച്ചിറങ്ങി

പമ്പ: പ്രതിഷേധത്തെ മറികടന്ന് പൊലീസ് സംരക്ഷണത്തില്‍ ദര്‍ശനത്തിന് പോയ ആന്ധ്ര സ്വദേശിനിയും കുടുംബവും മടങ്ങുന്നു. നാല്‍പത്തഞ്ച് വയസ്സുള്ള മാധവിയും കുടുംബവുമാണ് സന്നിധാനത്തേക്ക് തിരിച്ചത്. എന്നാല്‍ ആദ്യം സുരക്ഷ നല്‍കിയ പൊലീസ് പിന്നീട് പിന്മാറിയതോടെയാണ് ഇവര്‍ പമ്പയിലേക്ക് മടങ്ങിയത്. സന്നിധാനത്തേക്ക് പുറപ്പെട്ടെങ്കിലും പമ്പയില്‍ സംഘര്‍ഷം രൂപപ്പെട്ടതിനെ തുടര്‍ന്ന് പിന്‍തിരിഞ്ഞു. 1.45ഓടെയാണ് ആന്ധ്രാ സ്വദേശിനിയായ യുവതി പമ്പയിലെത്തിയത്. ഇവര്‍ സന്നിധാനത്തേക്ക് പുറപ്പെട്ടതിനെ തുടര്‍ന്ന് സമരം നടത്തിവന്നവര്‍ വലിയ പ്രതിഷേധവുമായി രംഗത്തെത്തുകയും ഇവരെ തടയുകയുമായിരുന്നു.

ആന്ധ്രാ സ്വദേശിനിയായ മാധവി (45)യും മാതാപിതാക്കളും രണ്ടു മക്കളുമാണ് സന്നിധാനത്തേക്ക് പ്രവേശിക്കാനെത്തിയത്. സ്വാമി അയ്യപ്പന്‍ റോഡിലൂടെ സന്നിധാനത്തേക്ക് പോകാനായിരുന്നു ശ്രമം. പോലീസ് ഇവര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരായ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് ഇവര്‍ സ്വമേധയാ പിന്‍തിരിയുകയായിരുന്നു.

ഇതിനിടെ, സന്നിധാനത്തേക്കു പുറപ്പെട്ട യുവതിയെ പത്തനംതിട്ട ബസ്റ്റാന്‍ഡില്‍ തടഞ്ഞു. ചേര്‍ത്തല സ്വദേശിയായ ലിബി എന്ന യുവതിയെയാണ് തടഞ്ഞത്. ഇത് ചെറിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് പോലീസ് എത്തി ഇവരെ സ്ഥലത്തുനിന്ന് മാറ്റി.

നേരത്തെ യുവതി പ്രവേശനത്തെ എതിര്‍ക്കുന്നവരുടെ സമരം നിലയ്ക്കലില്‍ പുനരാരംഭിച്ചിരുന്നു. രാവിലെ പോലീസ് സമരപ്പന്തല്‍ പൊളിച്ചുമാറ്റുകയും സമരക്കാരെ ഒഴിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് വീണ്ടും ഒമ്പത് മണിയോടെയാണ് സ്ഥലത്തെത്തിയ പ്രതിഷേധക്കാര്‍ സമരം പുനരാരംഭിച്ചത്.

പോലീസ് പന്തല്‍ പൊളിച്ചുമാറ്റിയ സ്ഥലത്തുതന്നെ അയ്യപ്പ ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പന്തല്‍ കെട്ടി സമരം പുനരാരംഭിച്ചിട്ടുണ്ട്. ഇവിടേക്ക് കൂടുതല്‍ സമരക്കാര്‍ എത്തിക്കൊണ്ടിരിക്കുന്നു. റോഡിലിരുന്ന് ശരണം വിളിച്ച ബിജെപി പ്രവര്‍ത്തകരെ പോലീസ് ഇടപെട്ട് റോഡില്‍നിന്ന് മാറ്റി.

ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം ആരംഭിച്ചിട്ടുണ്ട്. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് സമരം. കോണ്‍ഗ്രസിന്റെ ഉപവാസ സമരവും ആരംഭിച്ചിട്ടുണ്ട്. നേതാക്കളായ കെ.സുധാകരന്‍, അടൂര്‍ പ്രകാശ്, പിസി ജോര്‍ജ് തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. പമ്പയില്‍ തന്ത്രി കുടുംബത്തിന്റെ നാമജപ യജ്ഞവും നടക്കുന്നുണ്ട്.

കനത്ത സുരക്ഷാ സന്നാഹമാണ് നിലയ്ക്കലിലും പമ്പയിലും പോലീസ് ഒരുക്കിയിട്ടുള്ളത്. പമ്പയിലും നിലയ്ക്കലും സന്നിധാനത്തുമായി വനിതാ പോലീസുകാര്‍ അടക്കം 1000 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. രണ്ട് എസ്പിമാര്‍ പോലീസ് സന്നാഹത്തിന് നേതൃത്വം നല്‍കുന്നുണ്ട്. നിയമം ലംഘിച്ചാല്‍ അറസ്റ്റിലേക്ക് നീങ്ങുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

പുലര്‍ച്ചെ ശബരിമല നിലയ്ക്കലില്‍ സമരം നടത്തിയവരെ പോലീസ് ഒഴിപ്പിക്കുകയും സമരപ്പന്തല്‍ പോലീസ് പൊളിച്ചുനീക്കുകയും ചെയ്തിരുന്നു. ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിവന്ന സമരപ്പന്തലാണ് പൊളിച്ചുനീക്കിയത്. പുലര്‍ച്ചെ ഹനുമാന്‍ സേനയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം നേരിയ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. തുടര്‍ന്ന് പോലീസിന്റെ നിയന്ത്രണം മറികടന്ന് സമരപ്പന്തലില്‍ കയറിയ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നിലയ്ക്കലിലും ഇടത്താവളത്തും കൂട്ടം കൂടി നിന്ന പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കുകയും ചെയ്തിരുന്നു. വന്‍തോതില്‍ പോലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ബുധനാഴ്ച വൈകുന്നേരം ശബരിമല നട തുറക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സമരക്കാര്‍ സ്ഥലം കൈയ്യടക്കുന്നതും ക്രമസമാധാന പ്രശ്‌നം ഉണ്ടാകുന്നതും ഒഴിവാക്കാനാണ് പോലീസിന്റെ നീക്കം. ചൊവ്വാഴ്ച തന്നെ സമരക്കാര്‍ പ്രകോപനങ്ങളുണ്ടാക്കിയതാണ് ഇത്തരം നടപടിയിലേക്ക് നീങ്ങാന്‍ പോലീസ് തയ്യാറായതെന്നാണ് സൂചന. ചൊവ്വാഴ്ച രാത്രിയോടെ ബസ്സുകള്‍ പരിശോധിക്കാനെന്ന പേരില്‍ സമരക്കാര്‍ വാഹനങ്ങള്‍ തടയുകയും തമിഴ്‌നാട്ടുകാരായ ദമ്പതികളെ ബസില്‍നിന്ന് പുറത്തിറക്കിവിടുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular