അന്ന് അടൂര്‍ ഭാസിക്കെതിരെ പരാതി; ഇന്ന് പരാതികൊടുത്തവര്‍ക്കെതിരെ നില്‍ക്കുന്നു; കെപിഎസി ലളിതക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധം

കൊച്ചി:മീ ടൂ ക്യംപെയ്‌ന് ലോകമെമ്പാടും കത്തിപടരുകയാണ്. എന്നാല്‍ സ്ത്രീകള്‍ തൊഴിലിടത്ത് നിന്ന് തങ്ങള്‍ക്ക് നേരിട്ട ലൈംഗീകാതിക്രമങ്ങളെ കുറിച്ച് തുറന്നു പറയുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്നേ മലയാള സിനിമയില്‍ തനിക്ക് നേരിട്ട അതിക്രമങ്ങളെ കുറിച്ച് തുറന്നെഴുതിയ ആളാണ് നടി കെപിഎസി ലളിത.

‘ കഥ തുടരും ‘ എന്ന തന്റെ ആത്മകഥയില്‍ കെപിഎസി ലളിത, തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കക്കാലത്ത് മലയാള സിനിമ അടക്കിവാണിരുന്ന അടൂര്‍ ഭാസിക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ഉയര്‍ത്തിയിരുന്നത്. ആത്മകഥയിലെ ‘ അറിയപ്പെടാത്ത അടൂര്‍ഭാസി ‘ എന്ന അദ്ധ്യായത്തിലും പിന്നീട് കേരളാകൗമുദിയുടെ ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലും അവര്‍ അടൂര്‍ഭാസിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ആരോപിക്കുന്നത്.

‘മദ്യപിച്ച്, ഉടുതുണിയില്ലാതെ വീട്ടില്‍ കയറിവന്ന്, നിന്നെ ഞാന്‍ കൊണ്ടു നടന്നോളാം.. കാറ് തരാം’ എന്നൊക്കെ പറഞ്ഞ് പ്രലോഭിച്ചെന്നും അടൂര്‍ഭാസിയോടൊപ്പമുള്ള പടങ്ങളില്‍ തന്നെ ജോലി ചെയ്യാന്‍ അനുവദിക്കാതിരിക്കുകയോ, തനിക്ക് സിനിമകള്‍ നിഷേധിക്കുകയോ ചെയ്തിരുന്നെന്നും കെപിഎസി ലളിത ആരോപിക്കുന്നുണ്ട്. വെറുക്കാതിരിക്കാന്‍ എത്ര ശ്രമിച്ചാലും എനിക്കാ മനുഷ്യനെ വെറുക്കാതിരിക്കാന്‍ കഴിയില്ലെന്നും കെപിഎസി ലളിത തന്റെ ആത്മകഥയില്‍ തുറന്നെഴുതുന്നു.

കേരളാകൗമുദിയുടെ ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തിലാകട്ടെ അവര്‍ ഒരു പടികൂടെ കടന്ന് അടൂര്‍ ഭാസിച്ചേട്ടനാണ് എന്റെ ഏറ്റവും വലിയ ശത്രു എന്നുവരെ പറയുന്നുണ്ട്. കൂടാതെ, ഹരിഹരന്റെ ‘അടിമക്കച്ചവടം’ എന്ന സിനിമാ സെറ്റില്‍ വച്ച് അടൂര്‍ ഭാസിയില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് അക്കാലത്തെ സിനിമാ സംഘടനയായ ചലച്ചിത്ര പരിഷത്തില്‍ കൊടുത്തെന്നും, എന്നാല്‍ മലയാള സിനിമ അടക്കിവാഴുന്ന അടൂര്‍ ഭാസിക്കെതിരെ നടപടിയെടുക്കാന്‍ ചലച്ചിത്ര പരിഷത്ത് സെക്രട്ടറിയായ ഉമ്മര്‍ തയ്യാറായില്ലെന്നും ലളിത ആരോപിക്കുന്നു.
‘ നിനക്ക് ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടോ ? എന്ന് ഉമ്മര്‍ക്ക ചോദിച്ചു. കുറേയായി സഹിക്കുന്നതിനാലാണ് പരാതി നല്‍കിയതെന്നും എന്തെങ്കിലും നടപടി എടുക്കാന്‍ സാധിക്കുമോ എന്ന് ഞാനും ചോദിച്ചു. പറ്റില്ലെന്ന് പറഞ്ഞു. നട്ടെല്ലില്ലാത്തവര്‍ അവിടെയിരുന്നാല്‍ ഇങ്ങനെയേ പറ്റൂ എന്ന് ഞാനും മറുപടി പറഞ്ഞു. ഞാന്‍ ഒറ്റയ്ക്ക് നിന്ന് പൊരുതി. പക്ഷേ ഹരിഹരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഒപ്പം നിന്നു’. കെപിഎസി ലളിത പറഞ്ഞവസാനിപ്പിക്കുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ സഹപ്രവര്‍ത്തകയായ നടി ലൈംഗീകമായി അപമാനിക്കപ്പെട്ടിട്ടും അവള്‍ക്കൊപ്പം നില്‍ക്കാതെ, പ്രതിസ്ഥാനത്തുള്ള ദിലീപിനൊപ്പം നില്‍ക്കുകയാണ് കെപിഎസി ലളിത. ഇന്ന് കെപിഎസി ലളിത മലയാള സിനിമയിലെ ഒരു വെറും നടി മാത്രമല്ല, സര്‍ക്കാറിന്റെ സാംസ്‌കാരിക സ്ഥാപനങ്ങളിലൊന്നിലെ അധികാര സ്ഥാനത്തിരിക്കുന്ന വ്യക്തി കൂടിയാണ്. ഒരു ഭംഗി വാക്കിന് പറഞ്ഞാല്‍ ജനങ്ങളുടെ നികുതി പണത്തില്‍ നിന്ന് ശമ്പളം വാങ്ങുന്നയാള്‍. എന്നതുകൊണ്ട് തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ കെപിഎസി ലളിതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.

ഡബ്യുസിസിക്കെതിരെ അമ്മയ്ക്ക് വേണ്ടി ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ സിദ്ധിഖിനൊപ്പം നിന്ന് കെപിഎസി ലളിത പറഞ്ഞത് ഇങ്ങനെ: ‘നടിമാര്‍ ആവശ്യമില്ലാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുത്. രാജിവെച്ചവര്‍ ആദ്യം ചെയ്ത തെറ്റിന് ക്ഷമ പറയട്ടെ. മലയാള സിനിമയിലെ പ്രശ്‌നങ്ങള്‍ ഉള്ളി തൊലിച്ചത് പോലേയുള്ളൂ. ഉന്നയിക്കുന്ന ആരോപണം അനാവശ്യമാണ്’, എന്നൊക്കെയാണ്. തനിക്ക് നേരിട്ടത് മാത്രമാണ് അതിക്രമമെന്നും മറ്റുള്ളവര്‍ക്ക് സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതും ഒരു മേശയുടെ ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്ത് തീര്‍ക്കാവുന്ന പ്രശ്‌നം മാത്രമാണെന്നുമുള്ള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സന്റെ നിലപാടുകള്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular