ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎ മുന്നണി വിട്ടു; ഏത് മുന്നണിയുമായും ചര്‍ച്ച നടത്താന്‍ തയാറെന്ന് സി.കെ. ജാനു

കോഴിക്കോട്: ആദിവാസി നേതാവ് സി.കെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ എന്‍.ഡി.എ മുന്നണി വിട്ടു. തങ്ങള്‍ക്ക് നല്‍കിയ പല വാഗ്ദാനങ്ങളും ലംഘിക്കപ്പെട്ടതിനാലാണ് മുന്നണി വിടുന്നത്. ഭാവിയില്‍ ഏത് മുന്നണിയുമായി ചര്‍ച്ച നടത്താനും തയ്യാറാണെന്നും സി.കെ ജാനു വ്യക്തമാക്കി. കോഴിക്കോട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജാനു.

ഷെഡ്യൂള്‍ ഏരിയാ നിയമം പാസ്സാക്കണം എന്ന തങ്ങളുടെ ആവശ്യം പാലിക്കപ്പെട്ടിട്ടില്ല. ഈ വിഷയത്തില്‍ അമിത് ഷാ ഉള്‍പ്പടെ ഉള്ളവരുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും തീരുമാനമായില്ല. ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങളിലേക്ക് തങ്ങളെ പരിഗണിച്ചില്ല. കുറച്ച് കാലങ്ങളായി എന്‍.ഡി.എയുടെ യോഗങ്ങള്‍ പോലും കേരളത്തില്‍ നടക്കുന്നില്ല.

അതിനാല്‍ തന്നെ എന്‍.ഡി.എയില്‍ തുടരേണ്ട എന്ന ചര്‍ച്ച തങ്ങള്‍ക്കുള്ളില്‍ നടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. എന്തെങ്കിലും മാറ്റമുണ്ടാകും എന്ന പ്രതീക്ഷയിലാണ് ഇത്രയും കാലം തുടര്‍ന്നത്. അതിനാല്‍ താല്‍ക്കാലികമായി മാറി നില്‍ക്കാനാണ് കമ്മറ്റി തീരുമാനമെടുത്തിരിക്കുന്നത്. അടുത്ത ദിവസം നടക്കുന്ന ചര്‍ച്ചയില്‍ പാര്‍ട്ടിയുടെ ഭാവി കാര്യങ്ങള്‍ തീരുമാനിക്കും.

രാഷ്ട്രീയ ചര്‍ച്ചകള്‍ ഏത് മുന്നണിയുമായും നടത്താന്‍ തങ്ങള്‍ തയ്യാറാണ്. ഇനി എന്‍.ഡി.എ തന്നെ ചര്‍ച്ചക്ക് വന്നാലും ഞങ്ങള്‍ പങ്കെടുക്കും. യു.ഡി.എഫും എല്‍.ഡി.എഫുമായും ചര്‍ച്ചക്ക് തയ്യാറാണ്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയമായതിനാല്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും സി.കെ ജാനു വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular