മീ ടൂ ആരോപണം; കേന്ദ്രമന്ത്രി എം.ജെ. അക്ബര്‍ രാജിവച്ചു…? മുകേഷിന്റെ രാജിക്കും സാധ്യത?

ന്യൂഡല്‍ഹി: വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബര്‍ രാജി വെച്ചതായി സൂചന. രാജിക്കത്ത് പ്രധാനമന്ത്രിക്ക് ഇമെയില്‍ ചെയ്‌തെന്നാണ് വിവരം. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി അക്ബര്‍ അല്‍പ്പസമയത്തിനകം കൂടിക്കാഴ്ച നടത്തും. മീ ടൂ വെളിപ്പെടുത്തലിന്റെ ഭാഗമായുള്ള ലൈംഗിക ആരോപണങ്ങള്‍ വിവാദമായ പശ്ചാത്തലത്തിലാണ് അക്ബറിന്റെ രാജിയിലേക്ക് നീങ്ങുന്നത്. 8 മാധ്യമപ്രവര്‍ത്തകരാണ് അക്ബറിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്.

വിദേശത്തായിരുന്ന എം.ജെ.അക്ബര്‍ ഇന്ന് രാവിലെയാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് അക്ബര്‍ പ്രതികരിച്ചില്ല. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരമാണ് അക്ബര്‍ തിരികെയെത്തിയത്.

അക്ബറിനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും സിപിഐഎമ്മും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. കേന്ദ്ര മന്ത്രി സഭയിലെ അംഗങ്ങളില്‍ പലരും വെളിപ്പെടുത്തല്‍ നടത്തിയ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട സിപിഎമ്മിന്, എംഎല്‍എ മുകേഷിനെതിരായ മീ ടൂ ആരോപണം തലവേദനയായിരിക്കുകയാണ്. കേന്ദ്രമന്ത്രി രാജിവച്ചാല്‍ സ്വാഭാവികമായും മുകേഷിന്റെ രാജിക്കും സമ്മര്‍ദ്ദമേറും എന്നതില്‍ സംശയമില്ല. ഇപ്പോള്‍തന്നെ മുകേഷിന്റെ രാജിക്കുവേണ്ടി ശക്തമായ പ്രക്ഷോഭങ്ങളാണ് നടന്നുവരുന്നത്. യൂത്ത് കോണ്‍ഗ്രസാണ് മുകേഷിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്രമന്ത്രി രാജിവച്ചാല്‍ ബിജെപിയും മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ പരിപാടികള്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.

അതേസമയം മീ ടൂ വെളിപ്പെടുത്തലിന്റെ പേരില്‍ മുകേഷിനെതിരെ കേസ് എടുക്കാനാകില്ലെന്ന് ആണ് പൊലീസിനു ലഭിച്ചിരിക്കുന്ന നിയമോപദേശം. സമൂഹ മാധ്യമത്തിലെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാകില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയിലാണു കൊല്ലം സിറ്റി പൊലീസ് നിയമോപദേശം തേടിയത്.
19 വര്‍ഷം മുന്‍പു ചാനല്‍ പരിപാടി ചിത്രീകരണത്തിനു ചെന്നൈയിലെ ഹോട്ടലില്‍ താമസിക്കുമ്പോള്‍, അവതാരകനായ മുകേഷ് രാത്രി നിരന്തരം വിളിച്ചു ശല്യപ്പെടുത്തിയെന്നും തന്റെ മുറി സ്വന്തം മുറിയുടെ തൊട്ടടുത്താക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു സിനിമാ സാങ്കേതിക പ്രവര്‍ത്തക ടെസ് ജോസഫിന്റെ വെളിപ്പെടുത്തല്‍. ദുരനുഭവം തന്റെ മേധാവിയായിരുന്ന ഡെറക് ഒബ്രിയനോടു പറഞ്ഞപ്പോള്‍ ആ പരിപാടിയില്‍നിന്ന് ഒഴിവാക്കിത്തന്നുവെന്നും ടെസ് പറഞ്ഞിരുന്നു.

ഇപ്പോള്‍ ആരോപണ വിധേയനായ കേന്ദ്രമന്ത്രി ടെലഗ്രാഫ്, ഏഷ്യന്‍ എയ്ജ് തുടങ്ങിയ പത്രങ്ങളുടെ മുന്‍ എഡിറ്റര്‍ ആയിരുന്നു. എം.ജെ. അക്ബറിനെതിരെ പ്രമുഖ മാധ്യമ പ്രവര്‍ത്തക പ്രിയാരമണിയാണ് ആദ്യം ആരോപണമുന്നയിച്ചത്. പിന്നാലെ നിരവധി വനിതകള്‍ ലൈംഗിക അതിക്രമ കഥകള്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്തു. പത്രത്തില്‍ ജോലിക്കായി വര്‍ഷങ്ങള്‍ക്കു മുമ്പ് മുംബയിലെ ഹോട്ടലില്‍ അഭിമുഖത്തിനായി വിളിപ്പിച്ച എഡിറ്റര്‍ മോശമായി പെരുമാറിയെന്ന് 2017 ഒക്‌ടോബറില്‍ പ്രസിദ്ധീകരിച്ച ‘എന്റെ പുരുഷ മേധാവികള്‍’ എന്ന ലേഖനത്തില്‍ പ്രിയാ രമണി വിവരിച്ചിരുന്നു. അത് അക്ബര്‍ ആയിരുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് അവര്‍ വെളിപ്പെടുത്തിയത്.

പിന്നാലെ നിരവധി വനിതാ ജര്‍ണലിസ്റ്റുകള്‍ സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തി. 1995ല്‍ കൊല്‍ക്കത്തയിലെ ഒരു ഹോട്ടലില്‍ അടുത്തിടപഴകാന്‍ ശ്രമിച്ചെന്നും ജോലി വേണ്ടെന്നു വച്ചെന്നും മറ്റൊരു മാധ്യമ പ്രവര്‍ത്തക തുറന്നടിച്ചു. മദ്യക്കുപ്പിയുമായി വീട്ടിലേക്ക് വരട്ടെ എന്ന് ചോദിച്ചെന്ന് മറ്റൊരാള്‍ പറഞ്ഞു. ഫോണിലും നേരിട്ടും ലൈംഗിക ചുവയോടെ സംസാരിച്ച കഥകളും ചിലര്‍ വിവരിച്ചു. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായി തിളങ്ങി നിന്ന അക്ബര്‍ കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയ പ്രവേശം നടത്തിയത്. 1989-1991 കാലത്ത് ബീഹാറിലെ കിഷന്‍ഗഞ്ച് ലോക്‌സഭാംഗം. 2014 മാര്‍ച്ചില്‍ ബി.ജെ.പിയില്‍ ചേര്‍ന്ന് പാര്‍ട്ടി വക്താവായി. 2015ല്‍ രാജ്യസഭാംഗം. 2016 ജൂലായ് മുതല്‍ വിദേശകാര്യസഹമന്ത്രിയാണ്.

Similar Articles

Comments

Advertismentspot_img

Most Popular