സംസ്ഥാനത്തെ അണക്കെട്ടുകള്‍ സുരക്ഷിതം; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

കൊച്ചി: പ്രളയത്തിന് ശേഷവും സംസ്ഥാനത്തെ അണക്കെട്ടുകള്‍ സുരക്ഷിതമാണെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. അണക്കെട്ടുകളുടെയും തടയണകളുടെ സ്പില്‍വേകള്‍ക്ക് പ്രളയജലത്തെ കടത്തിവിടാനുള്ള ശേഷിയുണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. അണക്കെട്ടുകളുടെ പ്രവര്‍ത്തനം പഠിക്കാന്‍ നിയോഗിക്കപ്പെട്ട സമിതി മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രളയത്തെ തുടര്‍ന്നാണ് ഡാമുകളുടെ പ്രവര്‍ത്തനം പഠിക്കാന്‍ രാജ്യാന്തര ഡാം സുരക്ഷാ വിദഗ്ധന്‍ ഡോ. ബാലു അയ്യര്‍, കെ.എ. ജോഷി (ചീഫ് എഞ്ചിനീയര്‍, ജലസേചനം) ബിബിന്‍ ജോസഫ് (ചീഫ് എഞ്ചിനീയര്‍, ഡാം സേഫ്റ്റി, കെ.എസ്.ഇ.ബി) എന്നിവര്‍ അംഗങ്ങളായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്.

മുല്ലപ്പെരിയാര്‍ ഒഴികെയുളള ഡാമുകളുടെയും ബാരേജുകളുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് പഠനം നടത്തിയത്. പെരിങ്ങല്‍ക്കുത്ത് റിസര്‍വോയര്‍ മാത്രമാണ് കവിഞ്ഞൊഴുകിയതെന്നും ഇതു സംബന്ധിച്ച് കൂടുതല്‍ പഠനം ആവശ്യമാണെന്നും സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എല്ലാ ഡാമുകളുടെയും പരമാവധി ജലനിരപ്പ് നിര്‍ണ്ണയിക്കുന്നത് സംബന്ധിച്ച് ഹൈഡ്രോളജി പഠനം നടത്തേണ്ടതാണ്. അതോടൊപ്പം എല്ലാ പ്രധാന ഡാമുകളുടെയും പരമാവധി സംഭരണശേഷിയില്‍ ജലം സംഭരിക്കുമ്പോള്‍ ഉണ്ടാകാനിടയുളള പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പ്രത്യേക പഠനങ്ങള്‍ ആവശ്യമാണ്.

ഡാമിന്റെ സുരക്ഷിതത്വം, ഭൂചലന അവസ്ഥയില്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. അണക്കെട്ടുകളുടെ ഉയരം കൂട്ടുക, സ്പില്‍വേ ഷട്ടറുകള്‍ താഴ്ത്തുക ഡാമില്‍ അടിഞ്ഞുകൂടിയിട്ടുളള ചെളി നീക്കം ചെയ്യുക തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ ഡാമിന്റെ സംഭരണശേഷി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കണം. ഈ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ ഡാമുകളിലെ ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്താനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular