കുരുക്കില്‍പ്പെടാതെ ഇനി കുതിരാന്‍ കടക്കാം

കുതിരാന്‍: പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ അന്ത്യശാസനത്തിന് ഫലം കണ്ടു തുടങ്ങി. സംസ്ഥാനത്തെ സുപ്രധാന ദേശീയ പാതയായ കുതിരാനില്‍ ഗതാഗതക്കുരുക്ക് ഒഴിഞ്ഞു തുടങ്ങി. മണ്ണുത്തി വടക്കഞ്ചേരി ദേശീയപാത സഞ്ചാരയോഗ്യമാക്കുന്നതിനായി മന്ത്രി കരാര്‍ കമ്പനിക്കു നല്‍കിയ സമയപരിധി ബുധനാഴ്ചയാണ് അവസാനിച്ചത്.
മിന്നല്‍വേഗത്തില്‍ നടത്തിയ നിര്‍മാണം കൊണ്ട് പാത മെച്ചപ്പെട്ടു. ടാറിടല്‍ എല്ലായിചത്തും പൂര്‍ത്തിയായിട്ടില്ലെങ്കിലും കാര്യമായ കുരുക്കില്‍പ്പെടാതെ ഇപ്പോള്‍ കുതിരാന്‍ കടക്കാം. എല്ലായിടത്തും
തകര്‍ന്ന ഭാഗങ്ങളില്‍ പൂര്‍ണമായി ടാറിടല്‍ നടത്താനും മറ്റിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തി പാത ഗതാഗതയോഗ്യമാക്കാനുമായി 15 ദിവസമാണ് കഴിഞ്ഞ 25ന് മന്ത്രി നല്‍കിയത്. കമ്പനിയുടെ അനാസ്ഥ കാരണം അപകടങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ടത് 60 പേരാണെന്ന കാര്യം ചൂണ്ടിക്കാണിച്ച് സാമാജികരും കമ്പനിക്കെതിരെ തിരിഞ്ഞു. നാട്ടുകാരനായ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും ചര്‍ച്ച സജീവമാക്കി. അവസാനം കമ്പനിക്ക് മന്ത്രി അന്ത്യശാസനം നല്‍കുകയായിരുന്നു.
അഞ്ചര കിലോമീറ്റര്‍ റോഡില്‍ ഒരു കിലോമീറ്റര്‍ ടാറിടല്‍ ബാക്കിയുണ്ട്. ടാര്‍ മിക്‌സിങ് പ്ലാന്റ് തകരാറിലായതും മഴയും പണികളെ ബാധിച്ചു. തിടുക്കത്തിലുള്ള നിര്‍മ്മാണം ഗുണനിലവാരം കുറയ്ക്കുകയും ചെയ്തു. കുതിരാന്‍ മേഖലയില്‍ ടാറിട്ട പലഭാഗത്തും കുഴികള്‍ രൂപപ്പെട്ടു.
തൃശ്ശൂര്‍ ജില്ലയിലെ കുതിരാന്‍, പട്ടിക്കാട്, പീച്ചി റോഡ് ജങ്ഷന്‍, മുടിക്കോട്, മുളയം റോഡ്, മണ്ണുത്തി, പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി എന്നിവിടങ്ങളില്‍ പൂര്‍ണമായും ടാറിടല്‍ നടത്തണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, പത്തിനകം പണി തീര്‍ക്കുന്നതിനായി മുടിക്കോട്, മുളയം റോഡ് എന്നിവിടങ്ങളില്‍ കുഴിയടക്കല്‍ മാത്രമാണ് ചെയ്തത്. വഴുക്കുമ്പാറയില്‍ പൂര്‍ണമായും ടാറിടല്‍ നടത്തുമെന്നു പറഞ്ഞിരുന്നെങ്കിലും നടന്നില്ല.

SHARE