ശബരിമലയില്‍ സ്ത്രീ പ്രവേശനം;ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി: ശബരിമലയില്‍ സ്ത്രീ് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കൈക്കൊണ്ട നടപടികളെക്കുറിച്ച് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിധിക്കെതിരെ വിശ്വാസികളുടെ ഇടയില്‍ നിന്നുള്ള പ്രതിഷേധം കൂടി പരിഗണനയിലെടുത്താണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.
വിധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ സൗകര്യം ഒരുക്കാന്‍ സമയവും സാഹചര്യവുമില്ല. സ്ത്രീകള്‍ക്ക് വസ്ത്രം മാറുന്നതിനും വിരിവയ്ക്കാനുമുള്ള സൗകര്യം ശബരിമലയില്‍ നിലവിലുണ്ട്. ആ സൗകര്യങ്ങള്‍ തുടര്‍ന്നുണ്ടാകുമെന്നും ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രളയത്തെ തുടര്‍ന്ന് പമ്പയില്‍ നിരവധി ശൗചാലയങ്ങള്‍ തകര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് അഞ്ഞൂറോളം ശൗചാലയങ്ങള്‍ പുതുതായി നിര്‍മിക്കുന്നുണ്ട്. ഇതില്‍ സ്ത്രീകള്‍ക്കായി കുറച്ചെണ്ണം മാറ്റിവെക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ സ്ത്രീകള്‍ക്കായി പ്രത്യേകം സൗകര്യങ്ങളൊരുക്കുമെന്ന റിപ്പോര്‍ട്ടായിരുന്നു ബോര്‍ഡ് തയ്യാറാക്കി വെച്ചിരുന്നത്. എന്നാല്‍ ഇതിനെ ചൊല്ലി ദേവസ്വം കമ്മീഷണറും പ്രസിഡന്റും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഹൈക്കോടതി സൗകര്യങ്ങളൊരുക്കിയതിനെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്.

SHARE