താനൊരിക്കലും അങ്ങനെ ചെയ്യില്ല, തന്റെ പേരില്‍ ആരോ അവരെ തെറ്റിദ്ധരിപ്പിച്ചതായിരിക്കാം, എല്ലാ പെണ്‍കുട്ടികളും മീ ടൂ ക്യാംപെയ്‌നുമായി മുന്നോട്ടു വരണമെന്നും മുകേഷ്…

തിരുവനന്തപുരം: ടെസ് ജോസഫ് ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച് നടനും എം.എല്‍.എയുമായ മുകേഷ്. താനൊരിക്കലും അങ്ങനെ ചെയ്യില്ലെന്നും തന്റെ പേരില്‍ ആരോ അവരെ തെറ്റിദ്ധരിപ്പിച്ചതായിരിക്കാമെന്നും മുകേഷ് പറഞ്ഞു.
ഒരു പരിപാടിക്കിടെ മുകേഷ് പല തവണ തന്നെ മുറിയിലേക്ക് വിളിച്ചുവെന്നും മുകേഷിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാന്‍ ശ്രമിച്ചുവെന്നുമായിരുന്നു കാസ്റ്റിംഗ് ഡയറക്ടര്‍ ആയ ടെസ് ജോസഫ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. അന്നത്തെ തന്റെ മേധാവിയായ ആയ ഡെറിക് ഒബ്രിയാന്‍ ഒരു മണിക്കൂറോളം തന്നോട് സംസാരിച്ചുവെന്നും അടുത്ത വിമാനത്തിന് തന്നെ രക്ഷപ്പെടുത്തി പറഞ്ഞയച്ചു എന്നും ടെസ്സ് പറയുന്നു. ടെസ് എന്ന യുവതിയെ താന്‍ ഓര്‍ക്കുന്നില്ലെന്നും ടെസിനെ പിന്തുണച്ചുവെന്ന് പറയുന്ന ഡെറിക് ഒബ്രിയാന്‍ ഇപ്പോഴും തന്റെ സുഹൃത്താണെന്നും മുകേഷ് പറഞ്ഞു.

‘ ഞാന്‍ ഒരു കലാകുടുംബത്തില്‍നിന്ന് വന്ന ഒരാളാണ്. എന്റെ ഭാര്യ, അമ്മ, സഹോദരി എല്ലാവരും കലാരംഗത്തും സജീവ പ്രവര്‍ത്തകരാണ്. അതുകൊണ്ടു തന്നെ മീ ടൂ ക്യാമ്പയിനിന് ഏറ്റവും പിന്തുണ നല്‍കുന്ന ഒരാളാണ് ഞാന്‍. എല്ലാ പെണ്‍കുട്ടികളും അതുമായി മുന്‍പോട്ട് പോകണം എന്നാണ് ആഗ്രഹം.
പത്തൊന്‍പത് കൊല്ലം മുന്‍പ് കോടീശ്വരന്‍ എന്ന പരിപാടിക്കിടെ ഞാന്‍ ശല്യപ്പെടുത്തിയെന്നാണ് ആരോപണം. അങ്ങനെയൊരു സംഭവം എനിക്ക് ഓര്‍ത്തെടുക്കാന്‍ പോലും കഴിയുന്നില്ല. ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. ലേ മെറിഡിയന്‍ ഹോട്ടലില്‍ തന്നെയാണ് ഞാന്‍ താമസിച്ചത്. ഞാന്‍ ആദ്യമായിട്ടാണ് അവിടെ താമസിച്ചത്. ക്രൂവിന് റൂം എടുത്തു നല്‍കിയ കാര്യം പോലും എനിക്കറിയില്ല. അവരെ അവിടെ വച്ചു കണ്ടതായി പോലും എനിക്ക് ഓര്‍മയില്ല.

ഫോണില്‍ വിളിച്ചു ശല്യം ചെയ്തുവെന്നാണ് ആരോപണം. അത് ഞാന്‍ അല്ല. എന്തെങ്കിലും തെറ്റിദ്ധാരണ സംഭവിച്ചതായിരിക്കും. ഡെറിക് ഒബ്രിയാന്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തും ഗുരുവുമൊക്കെയാണ്. ഞാന്‍ ഒരു ടിവി പ്രോഗ്രാം അവതരിപ്പിച്ചപ്പോള്‍ അദ്ദേഹമാണ് സംവിധാനം ചെയ്തത്. പത്ത് കൊല്ലം മുന്‍പും ഡെറിക് ഒബ്രിയാന്‍ എന്നെ വിളിച്ചിരുന്നു. കൊച്ചിയില്‍ വച്ച് ഡിസ്‌കവറിക്ക് വേണ്ടി ഒരു പ്രോഗ്രാം ചെയ്യുകയായിരുന്നു അദ്ദേഹമപ്പോള്‍. അന്ന് ഞാന്‍ അദ്ദേഹത്തെ നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്തതാണ്. കേരളത്തില്‍ അദ്ദേഹത്തിന്റെ ഏക സുഹൃത്ത് ഞാനാണെന്ന് എന്നോട് പറയുകയും ചെയ്തു. ഞാന്‍ തെറ്റുകാരനാണെങ്കില്‍ അദ്ദേഹം എന്നെ പിന്നീട് വിളിക്കുമോ? മുകേഷ് ചോദിക്കുന്നു.

പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ടെന്നും എല്ലാവരും അത് മുഖവിലക്കെടുക്കണമെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular