മീ ടു ക്യാംപെയന്‍ : സാമന്തയ്ക്കും പറയാനുണ്ട്

ഹൈദരാബാദ്: മീ ടു ക്യാംപെയ്‌നെ പിന്തുണയ്ച്ച് തെന്നിന്ത്യന്‍ നടി സാമന്ത. നിങ്ങള്‍ ചെയ്യുന്നത് വലിയ കാര്യമാണെന്ന് മനസിലാക്കണമെന്ന് സാമന്ത ട്വിറ്ററില്‍ കുറിച്ചു.
സാമന്തയുടെ വാക്കുകള്‍ ഇങ്ങനെ: ‘ലൈംഗിക അതിക്രമത്തിന് ഇരയായെന്ന വെളിപ്പെടുത്തല്‍ നടത്താന്‍ ധൈര്യം കാണിച്ച് കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ട് വരുന്നത് കാണുമ്പോള്‍ ഒത്തിരി സന്തോഷമുണ്ട്. നിങ്ങളുടെ ധൈര്യം അഭിനന്ദനീയമാണ്. തെളിവ് വേണമെന്ന് പറഞ്ഞും സംശയമുന്നയിച്ചും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ചിലര്‍ നിങ്ങള്‍ക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയത് കണ്ടപ്പോള്‍ എന്റെ മനസ്സ് വല്ലാതെ വേദനിച്ചു. നിങ്ങള്‍ ചെയ്യുന്നത് വലിയൊരു കാര്യമാണെന്ന് മനസ്സിലാക്കണം’, സാമന്ത പറയുന്നു.

അതേസമയം ആണുങ്ങള്‍ ഇത്രകാലം ശീലിച്ചതൊക്കെ മാറ്റാനുള്ള സമയമായെന്ന് നടി രേവതി പ്രതികരിച്ചു. സ്ത്രീകള്‍ വിളിച്ചു പറയുന്ന കാലമെത്തിയെന്ന് രേവതി പറയുന്നു. നടന്‍ മുകേഷിനെതിരെ ടെലിവിഷന്‍ കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫിന്റെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു രേവതി. പെണ്ണുങ്ങള്‍ ‘നോ’ എന്നു പറയുമ്പോള്‍, അതിന്റെ അര്‍ത്ഥം ‘നോ’ എന്നു തന്നെയാണെന്ന് ശക്തമായി ഉറപ്പിക്കുന്നതാണ് ഈ സംഭവവികാസങ്ങള്‍. അതു മനസ്സിലാക്കാനുള്ള സമയമായി. ‘നോ’ എന്നു വച്ചാല്‍ ‘നോ’ എന്നു തന്നെ. അല്ലാതെ അതിന് വേറെ അര്‍ത്ഥം ഇല്ല, രേവതി നിലപാടു വ്യക്തമാക്കി. ഡബ്ല്യുസിസി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ അമ്മ തള്ളിയ സംഭവത്തില്‍ രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ നിലപാട് അറിയിക്കുമെന്നും അതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും രേവതി കൂട്ടിച്ചേര്‍ത്തു. മീ ടൂ ക്യാംപെയ്‌നിന്റെ ഭാഗമായി ദേശീയ തലത്തില്‍ ഒട്ടേറെ പ്രമുഖര്‍ക്കെതിരെ തുറന്നു പറച്ചിലുകള്‍ തുടരുകയാണ്. അതിന്റെ തുടര്‍ച്ചയായാണ് കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫ് നടന്‍ മുകേഷിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. മലയാളത്തില്‍ ഇത്തരമൊരു തുറന്നു പറച്ചില്‍ ആദ്യമായാണ്. എന്നാല്‍ മുകേഷ് ആരോപണം നിഷേധിച്ചു. തനിക്ക് ടെസിനെ അറിയില്ലെന്ന നിലപാടാണ് മുകേഷ് സ്വീകരിച്ചത്.

അമേരിക്കന്‍ അഭിനേത്രിയായ അലീസ മിലാനോയുടെ താന്‍ നേരിട്ട ലൈംഗീകപീഡനം തുറന്നു പറഞ്ഞതോടെയാണ് മീടു ക്യാംപെയ്‌നിന് തുടക്കമാവുന്നത്. പിന്നീട് തനുശ്രീ ദത്ത നാനാ പടേക്കറിനെതിരെ ഉന്നയിച്ച ലൈംഗികാരോപണത്തോടെ അത് ബോളിവുഡിലേക്കും എത്തി. നിരവധി പേര്‍ തനുശ്രീക്ക് പിന്തുണയുമായി രംഗത്തെു വന്നു. കങ്കണ റണാവത്ത്, രാധിക ആപ്‌തെ തുടങ്ങി നിരവധി താരങ്ങള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവെച്ച് മുന്നോട്ടു വന്നു.

ഇന്ത്യയില്‍ നിന്ന് നിരവധി പേര്‍ ‘മീ ടു’ വിന് പിന്തുണയുമായി എത്തിയപ്പോള്‍ കേരളത്തില്‍ നിന്നും നടിമാരായ റിമ കല്ലിങ്കല്‍, സജിത മഠത്തില്‍ തുടങ്ങിയവരും ക്യാംപെയിനിന്റെ ഭാഗമായി. എംഎല്‍എയും നടനുമായ മുകേഷിനെതിരെ ആരോപണവുമായി കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് മുന്നോട്ട് വന്നതോടെയാണ് മീ ടു ക്യാംപെയ്ന്‍ കേരളത്തിലും വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്

SHARE