ശബരിമലയില്‍ പോകാനൊരുങ്ങുന്ന സ്ത്രീകളെ ബിജെപി തടയില്ലെന്ന് എം.ടി. രമേശ്

കൊച്ചി:സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ പോകാനൊരുങ്ങുന്ന സ്ത്രീകളെ ബിജെപി തടയില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. പക്ഷേ ഹിന്ദുവിശ്വാസികളായ സ്ത്രീകളാരും ശബരിമലയില്‍ പോകുമെന്നു തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവിശ്വാസികളെ ക്ഷേത്രത്തിലെത്തിക്കാന്‍ അത്യധ്വാനം ചെയ്യുന്ന സര്‍ക്കാര്‍ ആദ്യം വിശ്വാസികളായ ഹിന്ദുക്കള്‍ക്കു ശബരിമലയില്‍ പോയി തൊഴാന്‍ സൗകര്യമൊരുക്കണമെന്നും രമേശ് ആവശ്യപ്പെട്ടു. പമ്പയിലെ ഇന്നത്തെ അവസ്ഥ വിശ്വാസികള്‍ക്കു സൗകര്യമായി ദര്‍ശനം നടത്തിവരാവുന്ന രീതിയിലല്ല. കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സു വഴി ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യമൊന്നും നടപ്പാകുന്ന കാര്യമല്ലെന്നും എം.ടി. രമേഷ് പറഞ്ഞു.
അതേസമയം, ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശബരിമല സംരക്ഷണ കാല്‍നടയാത്ര നാളെ ആരംഭിക്കും. എന്‍ഡിഎ ചെയര്‍മാനും ബിജെപി സംസ്ഥാന പ്രസിഡന്റുമായ പി.എസ്. ശ്രീധരന്‍പിള്ള നയിക്കുന്ന യാത്ര 15 ന് സെക്രട്ടേറിയറ്റ് മാര്‍ച്ചോടെ സമാപിക്കും. ആറു ദിവസത്തെ യാത്ര പന്തളത്തുനിന്നാണ് ആരംഭിക്കുക. കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുക്കും. പന്തളം കൊട്ടാരത്തിലെ കുടുംബാംഗങ്ങളെ കണ്ടശേഷമാണ് യാത്ര ആരംഭിക്കുന്നത്.
ആദ്യദിവസത്തെ യാത്ര അടൂരില്‍ സമാപിക്കും. 11ന് യാത്ര ആലപ്പുഴ ജില്ലയിലെ നൂറനാട് പടനിലം ക്ഷേത്രസന്നിധിയില്‍നിന്നാരംഭിച്ച് കായംകുളം ടൗണില്‍ സമാപിക്കും. 12ന് കൊല്ലം ജില്ലയിലെ ചവറയില്‍നിന്നാരംഭിച്ച് കൊല്ലം ടൗണില്‍ സമാപിക്കും. 13ന് കൊല്ലത്തുനിന്നാരംഭിച്ച് കൊട്ടിയത്തു സമാപിക്കും. 14, 15 തീയതികളില്‍ തിരുവനന്തപുരം ജില്ലയിലാണ് യാത്ര. 14ന് ആറ്റിങ്ങലില്‍നിന്നാരംഭിച്ച് കഴക്കൂട്ടത്തു സമാപിക്കും. 15ന് പട്ടത്തുനിന്നാരംഭിക്കുന്ന യാത്ര സെക്രട്ടേറിയറ്റ് മാര്‍ച്ചോടെ സമാപിക്കും. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍നിന്നും എന്‍ഡിഎ നേതാക്കളെത്തുമെന്ന് എം.ടി. രമേശ് അറിയിച്ചു

SHARE