മദ്യപിക്കാന്‍ പണം നല്‍കാത്തതിന് യുവാവ് അമ്മയെ ചവിട്ടിക്കൊന്നു

മദ്യം വാങ്ങാന്‍ രൂപ ആവശ്യപ്പെട്ടപ്പോള്‍ കൊടുത്തില്ലെന്ന പേരില്‍ അമ്മയും മകനും തമ്മിലുണ്ടായ വഴക്ക് കൊലപാതകത്തില്‍ കലാശിച്ചു. അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര തൊഴുക്കല്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ എസ്. ശ്രീലത (45) മരിച്ച സംഭവത്തിലാണു മകന്‍ വി. മണികണ്ഠന്‍(മോനു– 22) പൊലീസ് പിടിയിലായത്. പണത്തിനുവേണ്ടി അമ്മയുമായി പിടിവലി നടക്കുന്നതിനിടയില്‍ നിലത്തുവീണ ശ്രീലതയെ മണികണ്ഠന്‍ ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ആദ്യഭര്‍ത്താവ് വിക്ടറുമായി പിരിഞ്ഞ ശ്രീലത രണ്ടാം ഭര്‍ത്താവ് മണിയനോടും മകന്‍ മണികഠ്ണനോടും ഒപ്പം കഴിയുകയായിരുന്നു. മദ്യപിച്ചുള്ള ബഹളം ആ വീട്ടിലെ നിത്യസംഭവമായിരുന്നതിനാല്‍ സംഭവസമയത്ത് ആരും അവിടേക്ക് നോക്കിയില്ല. കഴിഞ്ഞ വ്യാഴം ഉച്ചയ്ക്കായിരുന്നു സംഭവം. അമ്മ മരിച്ച വിവരവും പൊലീസില്‍ വിളിച്ചറിയിച്ചതു മണികണ്ഠനായിരുന്നു.

ഹൃദയാഘാതം കൊണ്ടാണ് അമ്മ മരിച്ചതെന്നാണു മകന്‍ പൊലീസിനോടു പറഞ്ഞത്. സംസാരത്തിലും പെരുമാറ്റത്തിലും കണ്ട അസ്വാഭാവികത പൊലീസ് ശ്രദ്ധിച്ചു. അതോടെ, മകനും രണ്ടാനച്ഛനും പൊലീസ് നിരീക്ഷണത്തിലായിരുന്നു. പൊലീസ് മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ് മോര്‍ട്ടത്തില്‍ ആന്തരികാവയവങ്ങളിലുണ്ടായ ക്ഷതവും ആന്തരിക രക്തസ്രാവവുമാണു മരണകാരണമെന്നു കണ്ടെത്തി. തുടര്‍ന്ന് ഇരുവരെയും പൊലീസ് ചോദ്യം ചെയ്തപ്പോള്‍ തന്റെ ചവിട്ടേറ്റാണ് അമ്മ മരിച്ചതെന്ന് മണികണ്ഠന്‍ സമ്മതിച്ചതായി എസ്‌ഐ എസ്. സന്തോഷ്‌കുമാര്‍ അറിയിച്ചു.

തൊഴുക്കലില്‍ രാത്രി ലോറി തടഞ്ഞുനിര്‍ത്തി ഡ്രൈവറുടെ കഴുത്തില്‍ കിടന്ന മാലയും പണവും പിടിച്ചുപറിച്ച കേസിലും അയലത്തെ വീടാക്രമിച്ചു ഗൃഹനാഥനെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമിച്ചതുള്‍പ്പെടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

SHARE