ട്രെയിന്‍ കയറുന്നതിനിടെ അക്രമി വാളുമായി എത്തി; നടന്‍ കുഞ്ചാക്കോ ബോബനു നേരെ വധശ്രമം

കൊച്ചി: റെയില്‍വേ സ്റ്റേഷനില്‍ വച്ച് നടന്‍ കുഞ്ചാക്കോ ബോബനു നേരേ വധശ്രമം. സംഭവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയായ യുവാവിനെ റെയില്‍വേ പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രി എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം നടന്നത്. കുഞ്ചാക്കോ ബോബന്‍ ഷൂട്ടിംഗിന് വേണ്ടി കണ്ണൂരിലേക്ക് പോകുന്നതിനാണ് റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. ട്രെയിന്‍ കാത്തുനില്‍ക്കുന്നതിനിടെ സമീപത്ത് എത്തിയ യുവാവ് അസഭ്യവര്‍ഷം നടത്തുകയും കൈയില്‍ സൂക്ഷിച്ചിരുന്ന വാളുമായി നടനെ കൊല്ലുമെന്ന് ഭീഷണി മുഴുക്കുകയും ചെയ്തു.

യുവാവ് നടനുമായി നടത്തിയ സംഭാഷണം കേട്ട് മറ്റ് യാത്രക്കാര്‍ അവിടേക്ക് എത്തി. ഇതു കണ്ടതോടെ പ്രതി ഓടി രക്ഷപ്പെട്ടു. കണ്ണൂരിലെത്തിയ ശേഷം കുഞ്ചാക്കോ ബോബന്‍ വിവരം പാലക്കാട് റെയില്‍വേ പൊലീസ് ഡിവിഷനില്‍ അറിയിച്ചു. നടന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ വന്ന കണ്ണൂര്‍ റെയില്‍വേ എസ്‌ഐ മൊഴിയെടുക്കുകയും ചെയ്തിരുന്നു.

വധശ്രമത്തിന് കേസെടുത്ത റെയില്‍വേ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇതോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇന്ന് വൈകുന്നേരത്തോടെ പ്രതിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ പൊലീസ്.

SHARE