വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്ക്; ഈ തെരഞ്ഞെടുപ്പില്‍ തന്നെ മത്സരിക്കും

ഹൈദരാബാദ്: രാഷ്ട്രിയത്തില്‍ ചുവടുവെയ്ക്കാനൊരുങ്ങി മലയാളത്തിന്റെ ആക്ഷന്‍ നായിക വാണി വിശ്വനാഥ്. ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന തെലുങ്കാനയില്‍ സ്ഥാനാര്‍ഥിയാകാനാണ് വാണി വിശ്വനാഥ് ഒരുങ്ങുന്നത്. മലയാളത്തിലേതിനു തുല്യമായ സ്വീകാര്യതയാണ് വാണിക്ക് തെലുങ്കിലുള്ളത്. എന്‍ടി രാമറാവുവിന്റെ ജീവിച്ചിരിക്കുന്ന നായികമാരിലൊരാളെന്ന പ്രത്യേകതയും വാണിക്കുണ്ട്. ഈ സ്‌നേഹം ഉപയോഗിച്ച് വാണിക്ക് രാഷ്ട്രീയത്തില്‍ തിളങ്ങാനാകും എന്ന പ്രതീക്ഷയില്‍ തെലുങ്കുദേശം പാര്‍ട്ടി വാണിയെ സമീപിച്ചു. പാര്‍ട്ടി പലതവണ ചര്‍ച്ച നടത്തിയെങ്കിലും വാണി തീരുമാനം അറിയിച്ചിട്ടില്ല.

1992ലാണ് എന്‍ടിആറിനൊപ്പം വാണി അഭിനയിച്ചത്. ‘സാമ്രാട്ട് അശോക’ എന്ന ചിത്രത്തില്‍ അശോക ചക്രവര്‍ത്തിയായെത്തിയ എന്‍ടിആറിന്റെ ഭാര്യയുടെ വേഷമായിരുന്നു വാണിക്ക്. ഇതോടെ ആന്ധ്രക്കാര്‍ക്ക് പരിചിതയായി മാറി. തെലുങ്കുദേശം പാര്‍ട്ടിയുടെ താരമുഖമായിരുന്ന റോജ വൈഎസ്ആര്‍ കോണ്‍ഗ്രസിലേയ്ക്ക് മാറിയതും വാണിയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തില്‍ തെലുങ്കാനയില്‍ ടിഡിപി 14 സീറ്റ് നേടിയെങ്കിലും പിന്നീട് എംഎല്‍എമാരില്‍ പലരും പാര്‍ട്ടിയില്‍ നിന്നു കൂറുമാറി.

തെലുങ്കാന ഉള്‍പ്പെടെ രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുകയാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. തെലുങ്കാനയില്‍ ഡിസംബര്‍ 7നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 11 ന് നടക്കും. ഈ അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular