ആ അഞ്ചു ദിവസങ്ങളില്‍ പോകാന്‍ നിര്‍ബന്ധിക്കുന്നില്ല…!!! താല്‍പ്പര്യമില്ലാത്തവര്‍ പോകാതിരുന്നാല്‍ പോരേ..? സ്ത്രീകള്‍ എന്തിനാണ് സമരം ചെയ്യുന്നത്…? പട്ടാളത്തെ വിളിച്ചാണെങ്കിലും വിധി നടപ്പിലാക്കണം

ചെന്നൈ: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതി വിധിയില്‍ പ്രതികരണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. പട്ടാളത്തെ വിളിച്ചാണെങ്കിലും സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. കേരളത്തിലെ സ്ത്രീകള്‍ എന്തിനാണ് പ്രതിഷേധിക്കുന്നത്…? ആ ‘അഞ്ചു ദിവസങ്ങളില്‍’ ക്ഷേത്രത്തില്‍ പോകാന്‍ സുപ്രീംകോടതി നിര്‍ബന്ധിക്കുന്നില്ല. അത് സ്വന്തം താത്പര്യമാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി.
ശബരിമലയിലേക്ക് പോകാന്‍ താത്പര്യമില്ലാത്തവര്‍ പോകേണ്ടതില്ല. അതേസമയം പോകാന്‍ ആഗ്രഹിക്കുന്നവരെ പോകരുതെന്ന് പറഞ്ഞ് തടയാനുമാവില്ല. ദൈവത്തിന് എന്താണ് വേണ്ടതെന്ന് ആര്‍ക്കറിയാമെന്നും അദ്ദേഹം ചോദിച്ചു.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധി ഭരണഘടനാപരമാണ്. എന്തു വില കൊടുത്തും സുപ്രീംകോടതി വിധി നടപ്പാക്കുക തന്നെ വേണം. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നതിനെ എതിര്‍ത്ത് ബിജെപി സമരം പ്രഖ്യാപിച്ചിട്ടില്ല. സുപ്രീംകോടതി വിധിക്കെതിരെ കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സമരം പ്രവര്‍ത്തകരില്‍ ചിലരുടെ വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സത്രീപ്രവേശനത്തെ എതിര്‍ക്കാന്‍ ബിജെപി തീരുമാനിച്ചിട്ടില്ല . സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കേരള സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുന്നു. അയ്യപ്പന്‍ നൈഷ്ടിക ബ്രഹ്മചാരിയാണെന്ന വാദം തന്നെ തെറ്റാണ്. ആര്‍ത്തവമുള്ള അഞ്ച് ദിവസം സ്ത്രീകള്‍ തന്റെ മുന്‍പില്‍ വരരുതെന്ന് അയ്യപ്പന്‍ പറ!ഞ്ഞോ, പാവപ്പെട്ട സന്ന്യാസിനിമാരും ഭക്തകളും തന്റെ മുന്‍പില്‍ വന്നു പോവരുതെന്ന് അയ്യപ്പന്‍ പറഞ്ഞോ.. ഇല്ല. ഇതൊക്കെ ചിലരുണ്ടാക്കി വച്ചതാണ്.

നിയമത്തിന് മുന്നില്‍ ആണും പെണ്ണും ഒന്നാണെന്നാണ് ഇന്ത്യന്‍ ഭരണഘടന പറയുന്നത്. ആര്‍ത്തവം ഒരു അയോഗ്യതയല്ല. ഒരു കുഞ്ഞിനെ ഉത്പാദിപ്പിക്കാനുള്ള പ്രകൃതിപരമായ സംവിധാനമാണ്. അത് ആണിനില്ല പെണ്ണിനുണ്ടെന്ന് മാത്രം. ആര്‍ത്തവമുള്ള സ്ത്രീകളൊക്കെ ശബരിമലയിലേക്ക് പോകണം എന്നല്ല സുപ്രീംകോടതി പറഞ്ഞത്. ആര്‍ത്തവമുള്ള സ്ത്രീകള്‍ക്കും യുവതികള്‍ക്കുമെല്ലാം ശബരിമലയില്‍ പോകാന്‍ അവകാശമുണ്ടെന്ന് വ്യക്തമാക്കുകയാണ് സുപ്രീംകോടതി ചെയ്തത്.

പോണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട വ്യക്തികളാണ്. ഒരു ഭക്ത ശബരിമലയില്‍ സന്ദര്‍ശനത്തിന് വന്നാല്‍ അതിനുള്ള അവസരമൊരുക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. പൊലീസിന് അതിന് സാധിക്കാതെ വന്നാള്‍ സൈനികനിയമം പ്രഖ്യാപിച്ചായാലും സുപ്രീംകോടതി വിധി നടപ്പാക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനുണ്ട്. സുബ്രഹ്മണ്യം സ്വാമി പറയുന്നു.

അതേസമയം ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തന്ത്രി കുടുംബവുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്താന്‍ തീരുമാനം. വിഷയത്തില്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച് തിങ്കളാഴ്ചയാണ്. അതേസമയം, ദേവസ്വം മന്ത്രിയും പ്രസിഡന്റും ഇന്ന് തന്ത്രിമാരുമായി ചര്‍ച്ച നടത്തും.

ശബരിമല സ്ത്രീപ്രവേശനത്തില്‍ സമവായമുണ്ടാക്കാന്‍ സര്‍ക്കാറിന്റെ ശ്രമം. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തുല്യനീതി നടപ്പാക്കണമെന്നാണ് സിപിഎം നയമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ഏത് സര്‍ക്കാരും ബാധ്യസ്ഥരാണ്. ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് കോടതി വിധി നടപ്പാക്കണമെന്നാണ് സിപിഎം നിലപാട്. യുദ്ധം ചെയ്ത് വിധി നടപ്പാക്കാനില്ലെന്നും കോടിയേരി പറഞ്ഞു. വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഇഷ്ടമുള്ള സ്ത്രീകള്‍ക്ക് പോകാം. താല്പര്യമില്ലാത്തവര്‍ക്ക് പോകേണ്ട. സ്ത്രീകളെ കൊണ്ട് പോകാനും വരാനും സിപിഎം ഇടപെടില്ലെന്നും കോടിയേരിയും വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular