പെന്‍സില്‍ മുനയോളമോ ധാന്യമണിയോളമോ ചെറുചിപ്പുകള്‍ കമ്പ്യൂട്ടറുകളില്‍ ഘടിപ്പിക്കും; ആപ്പിള്‍, ആമസോണ്‍ കമ്പ്യൂട്ടറുകളില്‍ രഹസ്യം ചോര്‍ത്താന്‍ ചൈനീസ് സൈന്യം ചെയ്തത്…

വാഷിങ്ടണ്‍: വിവരം ചോര്‍ത്താന്‍ ചൈനീസ് സൈന്യം പുതിയ തന്ത്രങ്ങള്‍ സ്വീകരിച്ചതായി റിപ്പോര്‍ട്ട്. ആപ്പിള്‍, ആമസോണ്‍ തുടങ്ങിയ ആഗോളപ്രശസ്തമായ കമ്പനികളുടെ കംപ്യൂട്ടര്‍ സെര്‍വറുകളില്‍ ചൈനീസ് സൈന്യം മൈക്രോചിപ്പുകള്‍ ഘടിപ്പിച്ച് രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. യു.എസ്. മാധ്യമമായ ബ്ലൂംബെര്‍ഗാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ചൈനയില്‍നിന്നാണ് ഈ കമ്പനികള്‍ തങ്ങളുടെ കംപ്യൂട്ടര്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. ഇത്തരത്തില്‍ കയറ്റിയയയ്ക്കുന്ന സെര്‍വറുകളുടെ മദര്‍ബോര്‍ഡില്‍ പെന്‍സില്‍ മുനയോളമോ ധാന്യമണിയുടെയോ അത്രയുംമാത്രം വലുപ്പമുള്ള ചെറുചിപ്പുകള്‍ ചൈന ഘടിപ്പിച്ചിരുന്നതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ, കംപ്യൂട്ടര്‍ ഹാര്‍ഡ്‌വേറുകള്‍ ഹാക്ക് ചെയ്യാന്‍ പ്രത്യേക പരിശീലനം നടത്തിയ വിഭാഗമാണ് ചിപ്പുകള്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഇത്തരത്തില്‍ ചിപ്പുകള്‍ ഘടിപ്പിക്കപ്പെട്ട മദര്‍ബോര്‍ഡില്‍നിന്ന് മറ്റുരാജ്യങ്ങളുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്താനും സെര്‍വറിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനും ഇവര്‍ക്കാകും.

ആപ്പിളിനെയും ആമസോണിനെയും കൂടാതെ മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍, കമ്പനികള്‍, ബാങ്കുകള്‍ എന്നിവയുടെയും സെര്‍വറുകളില്‍ ചൈനീസ് ചിപ്പുകള്‍ ഘടിപ്പിച്ചേക്കാം റിപ്പോര്‍ട്ട് പറയുന്നു. മൂന്നുവര്‍ഷത്തോളം രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതാണിത്.

നേരത്തെ സ്വന്തം ജീവനക്കാര്‍ കമ്പനിയുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നും പണത്തിന് വേണ്ടി സ്വകാര്യ കച്ചവടക്കാര്‍ക്ക് ചട്ടവിരുദ്ധമായി വിരങ്ങള്‍ ചോര്‍ത്തി കൊടുത്തുവെന്നുമുള്ള ആരോപണങ്ങളെ തുടര്‍ന്ന് ആമസോണ്‍ കമ്പനി അന്വേഷണം ആരംഭിച്ചിരുന്നു. വിവരങ്ങള്‍ പുറത്തുവിട്ടതിനൊപ്പം ആമസോണ്‍ വഴി വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ റാങ്കിങ് കൂട്ടുന്നതിനായി ഉല്‍പ്പന്നങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ നീക്കം ചെയ്യുന്നതടക്കമുള്ള ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ ചെയ്തുവെന്നാണ് ആരോപണം. ചൈനയിലാണ് ഇത് കൂടുതലായും നടന്നിട്ടുള്ളതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പറയുന്നു.

SHARE