ഇടുക്കി വീണ്ടും തുറക്കും; മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു; കനത്ത ജാഗ്രതാ നിര്‍ദേശം

കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. ഇടുക്കിയില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. ഇടുക്കി ജലസംഭരണിയില്‍ വെള്ളം കൂടുന്നതിനാല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നേക്കും എന്ന റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്. പരമാവധി സംഭരണശേഷിവരെ കാത്തുനില്‍ക്കാതെ വെള്ളം നേരത്തെ ഒഴുക്കിവിടാനാണ് അധികൃതരുടെ തീരുമാനം. ഇടുക്കി ജില്ലാ കലക്ടറേറ്റിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ 10 മണിക്ക് യോഗം ചേരും. യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും. അതേസമയം ജലനിരപ്പ് ഉയരുന്നതിനാല്‍ മുല്ലപ്പെരിയാര്‍ ഡാമും തുറക്കാനുള്ള സാഹചര്യമുണ്ട്.

അതിനിടെ സംസ്ഥാനത്ത് ഇന്ന് മുതല്‍ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് ഉണ്ട്. അറബിക്കടലില്‍ നാളെ രൂപം കൊളളുന്ന ന്യൂനമര്‍ദ്ദം ശക്തമായി, വടക്കുപടിഞ്ഞാറന്‍ ദിശയില്‍ ഒമാന്‍ തീരത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇടുക്കിയിലും മലപ്പുറത്തും ഞായറാഴ്ച വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇടുക്കി ജില്ലയില്‍ കനത്ത മഴയ്ക്കും ഉരുള്‍ പൊട്ടലിനും സാധ്യത

അതി തീവ്ര മഴയ്ക്കും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ എല്ലാ താലൂക്കുകള്‍ക്കും ജില്ലാ ഭരണകൂടം ജാഗ്രതാനിര്‍ദ്ദേശം നല്‍കി. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. ഉരുള്‍പൊട്ടലിനും പ്രളയത്തിനും സാധ്യതയുള്ള മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കാനും ഇടുക്കി ജില്ലാകളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നീലക്കുറിഞ്ഞി കാണാനുള്ള യാത്രകള്‍ വിനോദ സഞ്ചാരികള്‍ ഒഴിവാക്കണമെന്ന് ജില്ലഭരണകൂടം നിര്‍ദ്ദേശിച്ചു. അതിരപ്പിളളിയിലും നെല്ലിയാമ്പതിയിലും വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലയിലെ രാത്രിയാത്രകള്‍ക്ക് നിയന്ത്രണമുണ്ട്.

തൃശ്ശൂരിലെ മലയോരമേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. ഇടുക്കിയില്‍ പതിനഞ്ച് ഇടങ്ങളിലാണ് അതീവ ജാഗ്രതാ നിര്‍ദ്ദേശമുളളത്. മിക്കയിടത്തും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമായിക്കഴിഞ്ഞു. പാലക്കാട്ട് ആരെയും മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യം നിലവിലില്ല. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കുമെന്നും അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറാണെന്നും ജില്ല ഭരണകൂടങ്ങള്‍ അറിയിച്ചു.

ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു

ഓഗസ്റ്റ് മാസത്തില്‍ അണക്കെട്ട് പെട്ടെന്ന് തുറക്കേണ്ടിവന്നപ്പോള്‍ ഉണ്ടായ വെളളക്കെട്ടും നാശനഷ്ടങ്ങളും ആവര്‍ത്തിക്കാതിരിക്കാനാണ് ഡാമുകളിലെ ജലനിരപ്പ് കുറയ്ക്കുന്നത്. പ്രളയ സാധ്യത മുന്‍നിര്‍ത്തി മാട്ടുപ്പെട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. മുതിരപ്പുഴയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെയും വിവിധ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു.

കഴിഞ്ഞദിവസത്തെ കനത്തമഴയും ജാഗ്രത നിര്‍ദ്ദേശവും കണക്കിലെടുത്താണ് അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നത്. തൃശ്ശൂരും പാലക്കാട്ടും പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചെങ്കിലും കനത്ത മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. മലന്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി 30 സെന്റീമീറ്റര്‍ ഉയര്‍ത്തി. മംഗലം, പോത്തുണ്ടി അണക്കെട്ടുകളും തുറന്നിട്ടുണ്ട്. ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ 10സെമീ. വീതം ഉയര്‍ത്തി പെരിങ്ങല്‍ക്കുത്ത്, പീച്ചി ഡാമുകളുടെ ഷട്ടറുകളും തുറന്നിട്ടുണ്ട്.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്

കടല്‍ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ ഉടന്‍ മടങ്ങിയെത്തെണമെന്നും ഇനിയോരു അറിയിപ്പുണ്ടാകുന്നത് വരെ കടലില്‍ പോകരുതെന്നുമാണ് നിര്‍ദ്ദേശം. ജില്ലാ ഭരണകൂടങ്ങള്‍ തീരദേശങ്ങളില്‍ പ്രത്യേക നീരീക്ഷണവും തുടങ്ങിയിട്ടുണ്ട്.

അതേസമയം കടലില്‍ 200 നോട്ടിക്കല്‍ മൈലിന് അപ്പുറത്ത് മത്സ്യബന്ധനത്തിന് പോയ ട്രോളിംഗ് ബോട്ടുകള്‍ക്ക് മുന്നറിയിപ്പ് കൈമാറാന്‍ ഇനിയും സാധിച്ചിട്ടില്ല. ചൂണ്ട വള്ളങ്ങള്‍ക്കും സന്ദേശം നല്‍കാനായിട്ടില്ല. കരയില്‍ നിന്ന് 20 നോട്ടിക്കല്‍ മൈലാണ് വയര്‍ലെസ് സന്ദേശത്തിന്റെ ദൂരപരിധി.

200 നോട്ടിക്കല്‍ മൈലിന് അപ്പുറത്ത് മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് സാറ്റലൈറ്റ് ഫോണ്‍ നല്‍കണമെന്ന ആവശ്യം നടപ്പായില്ല. ഓഖിക്ക് ശേഷം സര്‍ക്കാര്‍ നടപ്പാക്കിയ സാഗര എന്ന ആപ്പും ഫലപ്രദമായില്ല. എന്നാല്‍ രണ്ട് ദിവസത്തിലൊരിക്കല്‍ കടലില്‍ പോകുന്ന എല്ലാ മത്സ്യത്തൊഴിലാഴികള്‍ക്കും മുന്നറിയിപ്പ് കൈമാറിയിട്ടുണ്ട്. ഇവരുടെ വള്ളങ്ങള്‍ വൈകിട്ടോടെ തീരമണഞ്ഞു തുടങ്ങി. മുന്നറിയിപ്പ് കണക്കിലെടുത്ത് നിലവില്‍ മത്സ്യത്തൊഴിലാഴികള്‍ ആരും കടലിലേക്ക് പോകുന്നില്ല.

Similar Articles

Comments

Advertismentspot_img

Most Popular