ശബരിമല സ്ത്രീ പ്രവേശനം; സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് മാര്‍ക്കണ്ഡേയ കട്ജു

ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയെ രൂക്ഷമായി പ്രതികരിച്ച് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. രാജ്യത്തെ ആയിരക്കണക്കിന് ക്ഷേത്രങ്ങളിലെയും ഗുരുദ്വാരകളിലെയും മുസ്ലീം പള്ളികളിലെയും ആചാരങ്ങള്‍ മാറ്റാന്‍ കോടതിക്കാകുമോയെന്ന കട്ജു ചോദിക്കുന്നു. തന്റെ ട്വിറ്റര്‍ പേജ് വഴിയാണ് കട്ജുവിന്റെ പ്രതികരണം. മറ്റുമതങ്ങളിലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ക്ക് കൂടി ശബരിമലക്കേസിലെ വിധി വഴിയൊരുക്കുമെന്ന് കട്ജു ചൂണ്ടിക്കാട്ടുന്നു.

സ്ത്രീകളെ പ്രവേശിപ്പിക്കാത്തതും പുരുഷന്മാരെ പ്രവേശിപ്പിക്കാത്തതുമായ ചില ക്ഷേത്രങ്ങളിലെ ആചാരങ്ങളില്‍ കോടതി ഇടപെട്ട് മാറ്റം കൊണ്ടുവരുമോ, ആചാരങ്ങളുടെ യുക്തി പരിശോധിക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും കട്ജു പറഞ്ഞു.

ശബരിമലക്കേസിലെ വിധി പുനഃപരിശോധിക്കാന്‍ ഏഴംഗ ബെഞ്ചിന് രൂപംകൊടുക്കുക എന്നതാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കു മുന്നിലുള്ള ഒരുമാര്‍ഗം. അല്ലെങ്കില്‍ രാജ്യത്തെ എല്ലാ മുസ്ലീം പള്ളികളിലും ശബരിമലക്കേസിലെ വിധിക്ക് സമാനമായ വിധികള്‍ പുറപ്പെടുവിക്കുകയാണ് വേണ്ടതെന്നും കട്ജു ട്വീറ്റ് ചെയ്യുന്നു.

മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടെന്ന് പറയുന്നത് പേരിന് മാത്രമാണ്. ശബരിമലക്കേസിലെ വിധി നിലനിര്‍ത്തണമെങ്കില്‍ സ്ത്രീയ്ക്കും പുരുഷനും എല്ലാസ്ഥലങ്ങളിലും തുല്യമായ പ്രവേശനം അനുവദിക്കുകയാണ് ചിഫ് ജസ്റ്റിസിന് മുന്നിലുള്ള പോംവഴിയെന്നും അദ്ദേഹം പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular