ജനരോഷം ശക്തമായതോടെ വീണ്ടും നിലപാട് മാറ്റി ആര്‍എസ്എസ്; ഇതൊന്നും കോടതിക്കു വിടേണ്ട വിഷയമല്ലെന്ന് കെമാല്‍ പാഷ

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിഷയത്തില്‍ നിലപാട് മാറ്റി ആര്‍എസ്എസ് ദേശീയ നേതൃത്വം. ക്ഷേത്രങ്ങളിലെ വ്യത്യസ്ത ആചാരങ്ങള്‍ മാനിക്കുന്നെന്നാണ് ആര്‍എസ്എസ് വ്യക്തമാക്കിയിരിക്കുന്നത്. വിശ്വാസികളുടെ വികാരം തള്ളിക്കളയാന്‍ പാടില്ല.

ലിംഗനീതി ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് മുമ്പ് ആര്‍എസ്എസ് രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍, ശബരിമല വിധിക്ക് ശേഷം ജനരോഷം ശക്തമായ സാഹചര്യത്തില്‍ നിലപാടില്‍ മാറ്റം വരുത്തിയിരിക്കുകയാണ് ആര്‍എസ്എസ്.

വിശ്വാസികളുടെ വികാരത്തെ മാനിക്കണം. ഇതൊരു പ്രാദേശികക്ഷേത്ര പാരമ്പര്യവുമായി ബന്ധപ്പെട്ട വിഷയമാണ്. സുപ്രീംകോടതി വിധി മറികടക്കുന്നതിന് സാധിക്കുന്ന തരത്തിലുള്ള നിയമനടപടികള്‍ പരിശോധിക്കണമെന്നും ആര്‍എസ്എസ് സര്‍ കാര്യവാഹക് വൈആര്‍ഇ ജോഷി ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിശ്വാസികളുടെ വികാരം മാനിക്കാതെ വിധി വേഗം നടപ്പാക്കാന്‍ സര്‍ക്കാര്‍ ധൃതി കൂട്ടരുതെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ ശബരിമലയില്‍ സ്വയാര്‍ജിത നിയന്ത്രണമാണു വേണ്ടതെന്നും ഇതുമായി ബന്ധപ്പെട്ടു കോടതിയില്‍ നല്‍കിയ ഹര്‍ജിക്ക് എന്തു പ്രസക്തിയാണ് ഉള്ളതെന്നു മനസ്സിലാകുന്നില്ലെന്നും ജസ്റ്റിസ് ബി.കെമാല്‍പാഷ. തൂലിക പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഏറെക്കാലമായി തുടര്‍ന്നുവരുന്ന ആചാരം കോടതിയുടെ മുന്നില്‍ വരേണ്ട വിഷയമായിരുന്നില്ല. അയ്യപ്പഭക്തര്‍ പ്രത്യേക വിഭാഗം ആണെന്ന വാദമാണ് ഇത്തരമൊരു വിധിയിലേക്കു നയിച്ചത്. ഇങ്ങനെ ഒരു വാദം ഉന്നയിച്ചതിലൂടെ കോടതിക്കു നിയമം മാത്രം നോക്കേണ്ടി വന്നു. ഇത്തരമൊരു ഹര്‍ജിക്കായി ജുഡിഷ്യറിയുടെ വിലപ്പെട്ട സമയം കളയേണ്ടിയിരുന്നില്ല. ഇതൊന്നും കോടതിക്കു വിടേണ്ട വിഷയമല്ല. ശബരിമലയില്‍ ഇനി സ്ത്രീകളെ മേല്‍ശാന്തിയാക്കണം എന്ന ആവശ്യം ഉയര്‍ന്നേക്കാം. കോടതിക്കു മുന്നില്‍ ഒരു വിഷയം വന്നാല്‍ തീര്‍പ്പാക്കാതെ വേറെ മാര്‍ഗമില്ല- കെമാല്‍പാഷ പറഞ്ഞു.

ഇതൊരു സാമൂഹ്യവിഷയമായി കണക്കാക്കാതെ സ്വയം നിയന്ത്രണം പാലിക്കുകയായിരുന്നു വേണ്ടത്. സ്ത്രീ സുരക്ഷയ്ക്കായി വനഭൂമി വിട്ടു നല്‍കണമെന്ന ആവശ്യം പ്രായോഗികമല്ല. പട്ടിണി കിടക്കുന്നവര്‍, ഭവന രഹിതര്‍, വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്‍, പ്രാഥമിക സൗകര്യങ്ങള്‍ പോലും ലഭിക്കാത്തവര്‍ തുടങ്ങിയവയൊക്കെ ചര്‍ച്ച ചെയ്യപ്പെടേണ്ട സമയത്തു ശബരിമലയും സ്വവര്‍ഗബന്ധവും വിവാഹേതര ബന്ധവും ഒക്കെ ചര്‍ച്ച ചെയ്തു സമയം കളയുകയാണ്. ഇതൊക്കെ വലിയ സാമൂഹ്യ പ്രശ്‌നങ്ങളായി കണ്ടു ജുഡിഷ്യറിയുടെ വിലയേറിയ സമയം കളയരുത്- കെമാല്‍പാഷ വ്യക്തമാക്കി.

തെറ്റുപറ്റി എന്നു തുറന്നു പറയാനുള്ള ആര്‍ജവം എല്ലാവരും കാണിക്കണം. തെറ്റ് ആര്‍ക്കും സംഭവിക്കാം, എന്നാല്‍ അതിനെ ന്യായീകരിക്കുന്നതു ശരിയല്ല. മാധ്യമപ്രവര്‍ത്തകര്‍ക്കും ഇതു ബാധകമാണ്. സമൂഹത്തിലെ തിന്മകള്‍ക്കെതിരെ നീന്താന്‍ പഠിക്കണം. പുരുഷപീഡനം എന്നതു യാഥാര്‍ഥ്യമാണ്. താരതമ്യേന കുറവാണെന്നു മാത്രം. ഏതു മനുഷ്യനും തന്റെ പ്രവര്‍ത്തിക്ക് അയാളുടേതായ ന്യായീകരണം കാണും. എന്നാല്‍ ന്യായീകരണത്തിലൂടെ നമ്മുടെ നീതിന്യായ സംവിധാനം കടന്നുപോകുന്നില്ല എന്നതു സങ്കടകരമാണെന്നും കെമാല്‍ പാഷ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular