മണിയുടെ മരണം: സംവിധായകന്‍ വിനയന്‍ സിബിഐയ്ക്ക് മൊഴി നല്‍കി

തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ വിനയന്റെ മൊഴി സിബിഐ രേഖപ്പെടുത്തി. കലാഭവന്‍ മണിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയുടെ ക്ലൈമാക്‌സില്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതു സംബന്ധിച്ചാണ് വിനയനെ സി.ബി.ഐ ചോദ്യം ചെയ്ത്തത്. തിരുവനന്തപുരം സിബിഐ ഓഫീസില്‍ വച്ചാണ് മൊഴി രേഖപ്പെടുത്തുന്നത്.

കലാഭവന്‍ മണിയുടെ മരണം സിനിമയില്‍ ഒരു കൊലപാതകമായാണ് വിനയന്‍ ചിത്രീകരിച്ചിരിക്കുന്നത്. സിനിമയുടെ ക്ലൈമാക്‌സ് സംബന്ധിച്ച തനിക്ക് പറയാനുള്ളത് അന്വേഷണ സംഘത്തെ അറിയിക്കുമെന്ന് വിനയന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

കലാഭവന്‍ മണിയുടെ അഭിനയ ജിവിതത്തില്‍ വളരെയധികം ശ്രദ്ധേയമായ വേഷങ്ങള്‍ വിനയന്‍ സമ്മാനിച്ചിട്ടുണ്ട്. കലാഭവന്‍ മണിയുടെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. 2016 മാര്‍ച്ച് 6നാണ് കലാഭവന്‍ മണി മരിക്കുന്നത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും ആരോപിച്ച് ബന്ധുക്കള്‍ ആദ്യം മുതലേ രംഗത്ത് വന്നിരുന്നു. വിഷമദ്യം അകത്ത് ചെന്നാണ് മരിച്ചതെന്ന് ലാബ് റിപ്പോര്‍ട്ടും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു. എന്നാല്‍ കൃത്യമായ തെളിവുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് കേസ് എങ്ങുമെത്താതെ നിന്നു പോകുകയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular