പിസി ജോര്‍ജിനെതിരെ പീഡനത്തിനിരയായ കന്യാസ്ത്രീ പരാതി നല്‍കി

കോട്ടയം: എംഎല്‍എ പിസി ജോര്‍ജിനെതിരെ പീഡനത്തിനിരയായ കന്യാസ്ത്രീ പരാതി നല്‍കി. തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്താ സമ്മേളനം നടത്തിയതിനെതിരെയാണ് കന്യാസ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. പീഡനത്തിനിരയായ കന്യാസ്ത്രീയെ വേശ്യയെന്ന് വിളിച്ച് പിസി ജോര്‍ജ് അപമാനിച്ചിരുന്നു.കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കന്യാസ്ത്രീയ്ക്കെതിരെ ജോര്‍ജ് അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്. പിസി ജോര്‍ജിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സാമൂഹിക- സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. കൂടാതെ ദേശീയ മാധ്യമങ്ങളടക്കം പി.സി ജോര്‍ജിനെതിരായ പ്രതിഷേധം പ്രാധാന്യത്തോടെ ചര്‍ച്ചയാക്കി.

ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ കോടനാട് വലിയ വീടും ഷോപ്പിംഗ് കോംപ്ലക്സും വച്ചത് വെറും മൂന്ന് കൊല്ലം കൊണ്ടാണ്. ബിഷപ്പിനെതിരായ പരാതിയില്‍ കന്യാസ്ത്രീയ്ക്ക് വേണ്ടി സമരത്തിനിറങ്ങിയ കന്യാസ്ത്രീകള്‍ സഭയില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നുവരാണെന്നും പിസി ജോര്‍ജ് ആരോപിച്ചിരുന്നു.പിസി ജോര്‍ജിനെതിരെയുള്ള ദേശീയ വനിതാ കമ്മീഷന്റെ വിമര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് വനിതാ കമ്മീഷന്‍ തന്റെ മൂക്ക് ചെത്തുമോയെന്നായിരുന്നു പിസിയുടെ മറുപടി. പീഡനപരാതിയില്‍ കൃത്യമായി തെളിവില്ലാതെ പികെ ശശി എംഎല്‍എയ്ക്കെതിരെ കേസെടുക്കരുതെന്നും നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഇരയാണെന്നും പിസി ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

അതേസമയം കന്യാസ്ത്രീയുടെ പരാതിയില്‍ മുന്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെ കുറ്റക്കാരനെന്ന് കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേ്ഷം സെപ്റ്റംബര്‍ 21നാണ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്. ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഫ്രാങ്കോയ്ക്കെതിരെ കേസെടുത്തത്.

SHARE