വീണ്ടുമൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് സാധ്യത; സൈനിക മേധവിയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരേ നിയന്ത്രണ രേഖ കടന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ട് രണ്ടുവര്‍ഷം തികയുന്നു. ഈ സാഹചര്യത്തില്‍ മറ്റൊരു മിന്നലാക്രമണം കൂടി വേണ്ടിവരുമെന്ന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. നിയന്ത്രണ രേഖയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു മിന്നലാക്രമണം കൂടി വേണ്ടിവരുമെന്നാണ് താന്‍ കരുതുന്നതെന്നും എന്നാല്‍ അതിന്റെ ഏതുവിധത്തിലാണ് അത് നടപ്പാക്കേണ്ടതെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് രണ്ടു വര്‍ഷം തികയുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വെടിനിര്‍ത്തല്‍ നിലനില്‍ക്കുമ്പോഴും അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം നടക്കുന്നുണ്ട്. ഇത് അനുവദിക്കാനാവില്ല. മേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന തീവ്രവാദ ഇടപെടലുകള്‍ക്കെതിരെ ഉചിതമായ നടപടികള്‍ എടുക്കുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

ജമ്മു കശ്മീരില്‍ മൂന്നു പോലീസുകാരെ തീവ്രവാദികള്‍ വധിക്കുകയും കശ്മീര്‍ തീവ്രവാദി നേതാവ് ബുര്‍ഹാന്‍ വാനിയെ മഹത്വവല്‍ക്കരിക്കുന്ന തപാല്‍ സ്റ്റാമ്പ് പാകിസ്താന്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് പാകിസ്താനുമായി നടത്താന്‍ തീരുമാനിച്ചിരുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ വേണ്ടെന്നുവെക്കാന്‍ തീരുമാനിച്ചതായി നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. തീവ്രവാദവും സമാധാന ചര്‍ച്ചകളും ഒരുമിച്ച് സാധിക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു ചര്‍ച്ചകള്‍ വേണ്ടെന്നുവെക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular