ശ്രീജിത്ത് മരണത്തോട് അടുക്കുന്നു; ആരെയും ബുദ്ധിമുട്ടിക്കാനില്ല..!! ഇനി ‘ശവപ്പെട്ടിയില്‍’ ; സെല്‍ഫി എടുത്തവരും പിന്തുണ നല്‍കിയവരും എവിടെ?

കുറച്ചുകാലം മുന്‍പ് സോഷ്യല്‍ മീഡിയകളില്‍ വന്‍ചര്‍ച്ചാ വിഷയമായിരുന്നു ശ്രീജിത്തിന്റെ സമരം.
സഹോദരന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിന്റെ സമരം ആയിരം ദിവസം പിന്നിട്ടു. നീതി തേടിയുള്ള പോരാട്ടത്തില്‍ പുതിയ സമരമാര്‍ഗ്ഗം സ്വീകരിച്ചിരിക്കുയാണ് ശ്രീജിത്ത്. സ്വന്തമായി നിര്‍മ്മിച്ച ശവപ്പെട്ടിയില്‍ കിടന്നുകൊണ്ട് നിരാഹാര സമരത്തിലാണ് ശ്രീജിത്ത് ഇപ്പോള്‍. ‘ഉറങ്ങുന്നതിനിടെ എന്തെങ്കിലും സംഭവിക്കാം. അതിനാലാണ് ശവപ്പെട്ടി പോലെ തയാറാക്കി അതില്‍ കിടക്കുന്നത്. ഇതാകുമ്പോള്‍ ആര്‍ക്കും ഒരു ബുദ്ധിമുട്ടാകുകയില്ല’ ശ്രീജിത്ത് പറയുന്നു.

ശ്രീജിത്തിന്റെ സമരം വീണ്ടും സജീവമാകുകയാണ്. സോഷ്യല്‍ മീഡിയകളില്‍ വീണ്ടും വീഡിയോകളും വാര്‍ത്തകളും പ്രചരിച്ചു തുടങ്ങി. അത്തരമൊരു പോസ്റ്റ് ഇതാണ്…. ശ്രീജിത്ത് മരണത്തോട് അടുക്കുകയാണ്. ആര്‍ക്കും ഭാരമാവാതെ ശവപ്പെട്ടിയില്‍ത്തന്നെ കഴിയുന്നു. എന്നിട്ടും ആരുടേയും മനസ്സാക്ഷി ഉണരുന്നില്ല. നിരവധി സമരങ്ങള്‍ കണ്ടുമടുത്ത അനന്തപുരിക്കും ഇതും പുത്തരിയല്ല. പക്ഷെ നമ്മുടെ യുവജനങ്ങള്‍ക്ക്, സാംസ്‌കാരിക നായകന്മാര്‍ക്ക് എന്തുപറ്റി ?
അനുജന്‍ ശീജീവിന്റെ കൊലപാതകികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുതിനായി സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടങ്ങിയിട്ട് ഇന്ന് (23/09/2018)
1018 ദിവസം പിന്നിടുന്നു. അതോടൊപ്പം 35 ദിവസത്തെ നിരാഹാരത്തില്‍ അവശനായി നീതിയില്ലെങ്കില്‍ മരണം പ്രതീക്ഷിച്ചു സ്വയം ശവപ്പെട്ടി ഉണ്ടാക്കി കിടക്കുന്നു . ആരും ശ്രദ്ധിക്കാത്ത ഞാന്‍ മരിച്ചാല്‍ ആര്‍ക്കും ഭാരമാകേണ്ട എന്നോര്‍ത്താണ് പെട്ടിക്കകത്ത് കിടക്കുന്നത് എന്നാണ് ശ്രീജിത്ത് പറയുന്നത്. എടുത്ത് കൊണ്ടുപോവാന്‍ എളുപ്പമാണല്ലോ എന്ന്..
സോഷ്യല്‍ മീഡിയ കൂട്ടായ്മയില്‍ ഞാന്‍ ശ്രീജിത്തിനൊപ്പം എന്ന് പറഞ്ഞ് സെല്‍ഫിയെടുത്തു പോസ്റ്റിയവരെ ഒന്നും കാണാനില്ല. ഓരോരുത്തര്‍ക്കും പറയാന്‍ ന്യായീകരണങ്ങള്‍ പലതുണ്ട്. എല്ലാം കഴിയുമ്പോള്‍ കണ്ണീരൊഴുക്കാനും പോസ്റ്റിടാനും കാത്തിരിക്കുന്നവര്‍ വേറെയുമുണ്ട്. ഒന്നോര്‍ക്കുക, ശ്രീജിത്തിവിടെ പണിയെടുക്കാതെ ഓസില്‍ ജീവിക്കുന്നു എന്ന് പറയുന്നവര്‍ ഈ അവസ്ഥയില്‍ പത്തു ദിവസം ഇവിടെ നിരാഹാരമിരിക്കണം. പിന്നെ നിങ്ങള്‍ എന്തും പറഞ്ഞോളൂ.!!

അധികാരികളുടെ അടിയന്തര ശ്രദ്ധ ഉണ്ടായില്ലെങ്കില്‍ ഒരു ജീവന് കൂടി കണക്കു പറയേണ്ടിവരും.
മനസ്സാക്ഷി മരവിച്ചിട്ടില്ലാത്തവര്‍ ഈ വാര്‍ത്ത കാണുന്നുണ്ടെങ്കില്‍ പരമാവധി ഷെയര്‍ ചെയ്യൂ. മരണത്തെ മുഘാമുഖം കണ്ടിരിക്കുന്ന ശ്രീജിത്തിന് നീതിതേടി കൊടുക്കുവാന്‍ കഴിയുമെങ്കില്‍,..
ഒരു യുവാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയുമെങ്കില്‍…
ഇങ്ങനെ നിരവധി റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

പാറശാല പൊലീസ് കസ്റ്റഡിയിലിരിക്കുമ്പോളാണ് ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജീവ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് 2015 മെയ് 22നാണ് സഹോദരനു നീതി ലഭിക്കാനായ ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ഒറ്റയാള്‍ പോരാട്ടം ആരംഭിച്ചത്. ശ്രീജീവിന്റെ കസ്റ്റഡി മരണം സി ബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായാണ് ശ്രീജിത്ത് സമരം നടത്തിയത്. സമരം 760ാം ദിവസം പിന്നിട്ടപ്പോള്‍ സമരത്തിന് ജനകീയ പിന്തുണ ലഭിച്ചു. തുടര്‍ന്ന് ശ്രീജിത്തിന്റെ ആവശ്യം പരിഗണിച്ച് സിബിഐ അന്വേഷണ വിജ്ഞാപനമിറക്കുകയും ഉത്തരവ് മുഖ്യമന്ത്രിയുടെ പൈവ്രറ്റ് സെക്രട്ടറി എം വി ജയരാജന്‍ ശ്രീജിത്തിന് കൈമാറുകയും ചെയ്തു.

എന്നാല്‍ സിബിഐ മൊഴി എടുക്കും വരെ സമരം തുടരാനാണ് ശ്രീജിത്ത് തീരുമാനിച്ചത്. സിബിഐ അന്വേഷണനടപടികള്‍ ആരംഭിച്ചതോടെ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ സിബിഐ കേസ് ഏറ്റെടുത്തുവെന്നതിന് യാതൊരു രേഖകളുമില്ലയെന്നു മനസിലാക്കിയ ശ്രീജിത്ത് വീണ്ടും തന്റെ സമരം പുനരാരംഭിച്ചു. എന്നാല്‍ കഴിഞ്ഞ മാസം 28ാം തീയതി സിബിഐയുടെ ഓഫീസില്‍ നിന്ന് ഒരു കത്ത് വന്നിരുന്നുവെന്നും അന്വേഷണം നടക്കുന്നുവെന്നും ശ്രീജിത്ത് ഇപ്പോള്‍ പറയുന്നു. പക്ഷെ കുറ്റാരോപിതരായ ഉദ്യോഗസ്ഥന്‍ സര്‍വ്വീസില്‍ തുടരുന്നതിനാല്‍ അന്വേഷണം വഴി തിരിച്ചു വിടാന്‍ സാധ്യതയുള്ളതിനാല്‍ അദ്ദേഹത്തെ സര്‍വ്വീസില്‍ നിന്ന് ഒഴിവാക്കി അന്വേഷണം തുടരണമെന്നാണ് ശ്രീജിത്തിന്റെ ആവശ്യം. എന്നാല്‍ ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്നും മാറ്റുന്ന കാര്യത്തില്‍ പിണറായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നീക്കങ്ങള്‍ ഉണ്ടായിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular