കന്യാസ്ത്രീയും ബിഷപും ഒപ്പമുള്ള ദൃശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി പി.സി. ജോര്‍ജ്; ബിഷപിനെ കുടുക്കാന്‍ ശ്രമം

കോട്ടയം: കന്യാസ്ത്രീ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൃത്രിമമായി തെളിവുണ്ടാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. കോട്ടയം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പി.സി.ജോര്‍ജ് ആക്ഷേപമുന്നയിച്ചത്. പീഡനം നടന്നുവെന്നു പരാതിയില്‍ പറയുന്നതിന്റെ പിറ്റേദിവസം കന്യാസ്ത്രീയുടെ ബന്ധുവിന്റെ വീട്ടിലെ ചടങ്ങില്‍ കന്യാസ്ത്രീയും ബിഷപ്പും സന്തോഷത്തോടെ ഒരുമിച്ചിരിക്കുന്ന ആറു ചിത്രങ്ങളും വിഡിയോയും തന്റെ പക്കലുണ്ടെന്നു പി.സി. ജോര്‍ജ് പറഞ്ഞു.
ചിത്രങ്ങള്‍ മാധ്യമ പ്രവര്‍ത്തകരെ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. ചടങ്ങിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫറില്‍നിന്നു കന്യാസ്ത്രീ ദുഃഖിതയായി ഇരിക്കുന്നതു കണ്ടുവെന്ന വ്യാജമൊഴി പൊലീസ് എഴുതി വാങ്ങിയെന്നും പി.സി. ജോര്‍ജ് ആരോപിച്ചു.

അതേസമയം കന്യാസ്ത്രീകള്‍ക്കെന്നല്ല ആര്‍ക്കും ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെടാനാകില്ലെന്നു മന്ത്രി കടകംപള്ളി പറഞ്ഞു. സര്‍ക്കാര്‍ കന്യാസ്ത്രീകള്‍ക്കൊപ്പമാണെന്നു മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. പാര്‍ട്ടിയും സര്‍ക്കാരും ഇരക്കൊപ്പമാണെന്നും വിവാദങ്ങള്‍ അനാവശ്യമാണെന്നു മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയും പ്രതികരിച്ചു.

കോടിയേരിയുടെ പ്രസ്താവനയ്‌ക്കെതിരെ സമരസമിതി അംഗങ്ങള്‍ രംഗത്തെത്തി. സമരങ്ങളുടെ ചരിത്രം സിപിഎം സഖാക്കള്‍ മറക്കരുതെന്നു ഫാ. അഗസ്റ്റിന്‍ വട്ടോളി ഓര്‍മിപ്പിച്ചു. മാര്‍പാപ്പ വരെ തള്ളിപ്പറഞ്ഞയാളെയാണു പാര്‍ട്ടി സംരക്ഷിക്കുന്നത്. കന്യാസ്ത്രീകളുടെ സമരത്തിന്റെ ഉദ്ദേശ്യം ജനങ്ങള്‍ക്കറിയാം. പരാതി നല്‍കി 80 ദിവസം കഴിഞ്ഞിട്ടും നടപടി ഇല്ലാത്തതിനാലാണു കന്യാസ്ത്രീകള്‍ക്കു തെരുവിലിറങ്ങേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ്പിനെതിരായി കന്യാസ്ത്രീ നല്‍കിയ പീഡനപരാതിയുടെ പശ്ചാത്തലത്തില്‍ ക്രൈസ്തവ സഭയെയും സര്‍ക്കാരിനെയും സിപിഎമ്മിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്നാണു കോടിയേരി പാര്‍ട്ടി പത്രത്തിലെഴുതിയ ലേഖനത്തില്‍ ആരോപിച്ചത്. എല്ലാ വൈദികരും മോശക്കാരെന്നു വരുത്താന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നു. കന്യാസ്ത്രീകള്‍ കൊച്ചിയില്‍ നടത്തുന്ന സത്യഗ്രഹത്തെ വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ടവര്‍ പിന്തുണയ്ക്കുന്നുണ്ട്. ഈ സമരത്തെ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭമാക്കി മാറ്റാന്‍ ചില ശക്തികള്‍ കൊണ്ടുപിടിച്ചു ശ്രമിക്കുകയാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

SHARE