കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് ഉടന്‍ എത്തും; കോക്കനട്ടും ഇലക്ട്രോണിക്‌സും ചേര്‍ത്ത് കൊക്കോണിക്‌സ്; വില 29,000രൂപ

കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് നവംബര്‍ ഒന്നിന് പുറത്തിറങ്ങും. കെല്‍ട്രോണും യു.എസ്.ടി ഗ്ലോബലും കെ.എസ്.ഐ.ഡി.സിയും ചേര്‍ന്ന് രൂപീകരിച്ച ലാപ്‌ടോപ് നിര്‍മിക്കുന്ന കമ്പനിക്ക് കൊക്കോണിക്‌സ് എന്നാണ് പേരിട്ടിരിക്കുന്നത്. കമ്പനി റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. ലാപ്‌ടോപിന്റെ പേര് പിന്നീട് തീരുമാനിക്കും. കേരളത്തെ സൂചിപ്പിക്കുന്നതിനുള്ള കോക്കനട്ടും സാങ്കേതികവിദ്യയെ സൂചിപ്പിക്കുന്നതിനുള്ള ഇലക്ട്രോണിക്‌സും ചേര്‍ത്തുവച്ച് കൊക്കോണിക്‌സ് എന്ന് പേരിട്ടത് കെ.എസ്.ഐ.ഡി.സിയാണ്. 29,000 രൂപയില്‍ താഴെയായിരിക്കും ലാപ്‌ടോപിന്റെ വില. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ തന്നെയാകും ലാപ്‌ടോപ്പ് വാങ്ങുന്നത്. മൂന്നുവര്‍ഷത്തിനകം പൊതുവിപണിയിലും എത്തിക്കാനാണ് ശ്രമം.

കമ്പനി രൂപീകരണം പൂര്‍ത്തിയായ ശേഷം ചേരുന്ന ആദ്യ ഡയറക്ടര്‍ ബോര്‍ഡ് യോഗം ലാപ്‌ടോപിന്റെ പേരും തീരുമാനിക്കും. ഇന്റലിന്റെ സാങ്കേതിക സഹായത്തോടെയാണ് ലാപ്‌ടോപ് നിര്‍മിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ചായിരിക്കും ആദ്യബാച്ച് ലാപ്‌ടോപ്പുകള്‍ നിര്‍മിക്കുന്നത്. 1000 ലാപ്‌ടോപ്പുകളാണ് ആദ്യബാച്ചില്‍ നിര്‍മിക്കുക. തിരുവനന്തപുരം മണ്‍വിളയിലെ കെല്‍ട്രോണ്‍ പ്ലാന്റില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. 30 കോടിരൂപയാണ് പദ്ധതി ചെലവ്.

SHARE