സമരത്തില്‍ നിന്നും പിന്മാറാന്‍ സംഘടനകള്‍ തയ്യാറാകണം, കെഎസ്ആര്‍ടിസി നിലനില്‍ക്കേണ്ടത് തൊഴിലാളികളുടെയും ആവശ്യമാണെന്ന് ഗതാഗതമന്ത്രി

കോഴിക്കോട്: സമരത്തില്‍ നിന്നും പിന്മാറാന്‍ സംഘടനകള്‍ തയ്യാറാകണമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടും സമരവുമായി മുന്നോട്ട് പോകാനുള്ള തീരുമാനം ശരിയായില്ല. സമരം കെഎസ്ആര്‍ടിസിയെ വലിയ പ്രതിസന്ധിയിലേക്കായിരിക്കും തള്ളിവിടുകയെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.

താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നതിലും എംഡി ടോമിന്‍ ജെ തച്ചങ്കരിയുടെ പരിഷ്‌കാരങ്ങളിലും പ്രതിഷേധിച്ചാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും സമരവായി മുന്നോട്ട് പോകാനുള്ള തീരുമാനം ശരിയായില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു. കെഎസ്ആര്‍ടിസി നിലനില്‍ക്കേണ്ടത് തൊഴിലാളികളുടെയും ആവശ്യമാണ്. സര്‍ക്കാര്‍ നിര്‍ദേശം നടപ്പിലാക്കുകയാണ് തച്ചങ്കരി ചെയ്യുന്നത്.

ഡിസല്‍ വില കൂടി വര്‍ദ്ധിച്ചതോടെ ഏറെ പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയെ കരകയറ്റാനുള്ള ശ്രമത്തിലാണ സര്‍ക്കാര്‍. താല്ക്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. ആവശ്യത്തിലധികം ആളുകള്‍ ഉള്ളിടത്തുനിന്നുമാത്രമാണ് താല്ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടിരിക്കുന്നതെന്നും അവശ്യമനുസരിച്ച് ഇവരെ തിരികെ വിളിക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം പമ്പയിലേക്കുള്ള സര്‍വീസിന് അധിക ചാര്‍ജ് ഈടാക്കുന്നുവെന്ന ആരോപണത്തേയും മന്ത്രി തള്ളി. സ്വാഭാവിക വര്‍ദ്ധനവ് മാത്രമെ ഉണ്ടായിട്ടുള്ളു. അടുത്ത മാസം 2ാം തിയ്യതി മുതലാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചതകാല സമരം ആരംഭിക്കുക.

Similar Articles

Comments

Advertismentspot_img

Most Popular