ട്രെയ്‌നുകള്‍ റദ്ദാക്കിയത് 23 വരെ നീട്ടി; പരാതിയുമായി സംഘടനകള്‍ നേരിട്ട് റെയില്‍വേ മന്ത്രിയുടെ അടുത്തേക്ക്

കൊച്ചി: അറ്റകുറ്റപ്പണികള്‍ നടക്കുന്നതുകാരണം പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയത് റെയില്‍വേ ഈ മാസം 23 വരെ നീട്ടി. എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. പാസഞ്ചര്‍ ട്രെയിനുകള്‍ തുടര്‍ച്ചയായി റദ്ദാക്കുന്നതിലും മറ്റ് ട്രെയിനുകളുടെ വൈകിയോട്ടത്തിലും പ്രതിഷേധിച്ചു ശക്തമായ സമരത്തിനും നിയമ നടപടികള്‍ക്കുമുളള ഒരുക്കത്തിലാണു യാത്രക്കാരുടെ സംഘടനകള്‍.

റെയില്‍വേ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണു പ്രശ്‌നങ്ങള്‍ വഷളാക്കുന്നതെന്നിരിക്കെ ട്രെയിന്‍ വൈകുന്നതു സംബന്ധിച്ചു പരാതിപ്പെടുന്നവരെ പരിഹസിക്കുന്ന തരത്തിലുളള മറുപടിയാണു റെയില്‍വേ അധികൃതരില്‍ നിന്നു ലഭിക്കുന്നതെന്നു സ്ഥിരം യാത്രക്കാര്‍ പറയുന്നു. കേരളത്തേക്കാള്‍ മൂന്നിരിട്ടി ട്രെയിനുകള്‍ ഓടുന്ന സ്ഥലങ്ങളില്‍ പോലും ഇതിലും മെച്ചമായി ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ ഇവിടെ മാത്രം എന്താണു പ്രശ്‌നമെന്ന് റെയില്‍വേ വ്യക്തമാക്കണമെന്നു യാത്രക്കാര്‍ പറയുന്നു.

ഡിവിഷനിലെ സ്ഥിതി സംബന്ധിച്ചു ഓപ്പറേറ്റിങ് വിഭാഗത്തിലെ ചിലരും ദക്ഷിണ റെയില്‍വേയിലെ ഉന്നതരും ചേര്‍ന്നു റെയില്‍വേ ബോര്‍ഡിനെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ റെയില്‍വേ മന്ത്രിയെ നേരിട്ടു വിവരങ്ങള്‍ ധരിപ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിക്കാനും സംഘടനകള്‍ ആലോചിക്കുന്നുണ്ട്. എംപിമാരെ പങ്കെടുപ്പിച്ചുള്ള സമരപരിപാടികളും വൈകാതെ ആരംഭിക്കും. ട്രെയിനുകള്‍ വൈകുന്നതു സംബന്ധിച്ച് കേരളത്തിലെ എല്ലാ സ്‌റ്റേഷനുകളിലും പരാതി രേഖപ്പെടുത്തിയുളള സമരവും തുടങ്ങും. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, ആലപ്പുഴ സ്‌റ്റേഷനുകളില്‍ എംപിമാരായ എ. സമ്പത്ത്, എന്‍.കെ. പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.സി. വേണുഗോപാല്‍ എന്നിവര്‍ പരാതി സമരം ഉദ്ഘാടനം ചെയ്യുമെന്നു യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓണ്‍ റെയില്‍സ് അറിയിച്ചു.

പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍

56387 എറണാകുളം -കായംകുളം പാസഞ്ചര്‍ (കോട്ടയം വഴി)

56388 കായംകുളം- എറണാകുളം പാസഞ്ചര്‍ (കോട്ടയം വഴി)

56373 ഗുരുവായൂര്‍ -തൃശൂര്‍ പാസഞ്ചര്‍

56374 തൃശൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍

56043 ഗുരുവായൂര്‍- തൃശൂര്‍ പാസഞ്ചര്‍

56044 തൃശൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍

56333 പുനലൂര്‍ -കൊല്ലം പാസഞ്ചര്‍

56334 കൊല്ലം -പുനലൂര്‍ പാസഞ്ചര്‍

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

56663 തൃശൂര്‍- കോഴിക്കോട് പാസഞ്ചര്‍ ഷൊര്‍ണൂരില്‍ നിന്ന്

56664 കോഴിക്കോട്- തൃശൂര്‍ പാസഞ്ചര്‍ ഷൊര്‍ണൂര്‍ വരെ

Similar Articles

Comments

Advertismentspot_img

Most Popular