സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്താന്‍ ഞങ്ങള്‍ തയ്യാറെന്ന് കാസര്‍ഗോഡ്

കാസര്‍ഗോഡ്: പ്രളയക്കെടുതിയില്‍ നിന്ന് ആലപ്പുഴ പൂര്‍ണമായും കരകയറാത്ത പശ്ചാത്തലത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്താന്‍ തയ്യാറായി കാസര്‍ഗോഡ് ജില്ലാ ഭരണകൂടം. ഇത്തവണത്തെ സ്‌കൂള്‍ കലോത്സവം ആലപ്പുഴയില്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്. പ്രളയക്കെടുതിയില്‍ നിന്നും ഇപ്പോഴും കരകയറിയിട്ടില്ലാത്തതിനാല്‍ എങ്ങിനെ കലോത്സവം നടത്തുമെന്ന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് കലോത്സവം നടത്താന്‍ സന്നദ്ധത അറിയിച്ച് കാസര്‍കോഡ് ജില്ല രംഗത്തുവന്നത്.

മറ്റു ജില്ലകള്‍ പ്രളയവും ദുരിതങ്ങളും അനുഭവിക്കുന്നതിനാല്‍ ഇത്തവണത്തെ കലോത്സവം കാസര്‍ഗോഡിന് അനുവദിക്കണമെന്നാണ് ആവശ്യം. ഈ ആവശ്യമുന്നയിച്ച് പ്രമേയം പാസാക്കാനൊരുങ്ങുകയാണ് ജില്ലാ പഞ്ചായത്ത് ഭരണ സമിതി.സംസ്ഥാനത്ത് മഴക്കെടുതിയും പ്രളയവും ഒട്ടും ബാധിക്കാത്ത ജില്ലയാണ് കാസര്‍ഗോഡ്. അതു കൊണ്ട് തന്നെ ഇത്തവണത്തെ കലോത്സവം കാസര്‍ഗോട്ടേക്ക് മാറ്റണമെന്നാണാവശ്യം. ബഹുജന പങ്കാളിത്തത്തോടെ പൊലിമ ഒട്ടും കുറയാതെ കലോത്സവം നടത്താമെന്നാണ് വാഗ്ദാനം.

ജില്ലയില്‍ നിന്നുള്ള എം.എല്‍.എമാര്‍ സര്‍ക്കാറിന് കത്ത് നല്‍കും. കലോത്സവം ചര്‍ച്ച ചെയ്യുന്നതിനായി 17ന് മാന്വല്‍ കമ്മിറ്റി ചേരുന്നുണ്ട്. ഇതിന് മുമ്പ് ഇക്കാര്യം സര്‍ക്കാറിന്റെ മുന്നിലെത്തിക്കാനാണ് നീക്കം. 25 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവസാനമായി കാസര്‍ഗോഡ് സ്‌കൂള്‍ കലോത്സവത്തിന് വേദിയായത്.

Similar Articles

Comments

Advertismentspot_img

Most Popular