ഒടുവില്‍ പൊലീസ് ഉണരുന്നു; നേരിട്ട് ഹാജരാകാന്‍ ബിഷപിന് നോട്ടീസ് നല്‍കും; അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നോട്ടീസ് അയയ്ക്കാന്‍ പോലീസ് തീരുമാനം. ഒരാഴ്ചയ്ക്കകം നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് വ്യാഴാഴ്ച നല്‍കിയേക്കും. അതേസമയം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം അറസ്റ്റ് ഉണ്ടാകുമെന്നും സൂചനയുണ്ട്. ബുധനാഴ്ച കൊച്ചിയില്‍ ചേരുന്ന പോലീസ് ഉന്നതതല യോഗം ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും. ബിഷപ്പ് പീഡിപ്പിച്ചുവെന്ന പരാതിയില്‍ നടപടികള്‍ ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പോലീസ് നടപടി.

നേരത്തെ അന്വേഷണ സംഘം വിപുലീകരിച്ചിരുന്നു. വൈക്കം ഡി.വൈ.എസ്.പിക്കായിരുന്നു നേരത്തെ അന്വേഷണ ചുമതല. കടുത്തുരുത്തി, വാകത്താനം സി.ഐമാരെയും ഒരു എസ്.ഐയേയുമാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അന്വേഷണ നടപടികള്‍ വൈകുന്നതിനെതിരെ ഹൈക്കോടതിയും രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. പരാതിയില്‍ എന്തുകൊണ്ടാണ് അന്വേഷണം പൂര്‍ത്തിയാക്കാത്തതെന്ന് ആരാഞ്ഞ ഹൈക്കോടതി. നിയമം എല്ലാത്തിനും മേലെയാണ് നില്‍ക്കുന്നത്. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

അതേസമയം തനിക്കെതിരായ പീഡന പരാതി ഗൂഢാലോചനയാണെന്ന് ആരോപിച്ച് ബിഷപ്പ് ഫ്രാങ്കോ രംഗത്ത് വന്നു. അന്വേഷണവുമായി എല്ലാവിധത്തിലും സഹകരിക്കും. കന്യാസ്ത്രീകളുടെ സമരവും ഗൂഢാലോചനയുടെ ഭാഗമാണ്. കന്യാസ്ത്രീകള്‍ക്ക് സമരം ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ കന്യാസ്ത്രീകളെ മുന്‍നിര്‍ത്തി സഭയെ തകര്‍ക്കുകയാണ് ചിലരുടെ ലക്ഷ്യം. സഭയ്ക്ക് എതിരായ ശക്തികള്‍ കന്യാസ്ത്രീകളെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ജലന്ധറില്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ജലന്ധര്‍ ബിഷപ്പിനെതിരായ കേസില്‍ ഇടപെടില്ലെന്ന് ജലന്ധര്‍ പോലീസ് കമ്മീഷണര്‍. കേരള പോലീസ് ഇവിടെ വന്നു. അവരുടെ അന്വേഷണത്തോട് തങ്ങള്‍ സഹകരിച്ചു. ഇതില്‍ ജലന്ധര്‍ പോലീസിന് ഒരു പങ്കുമില്ല. അവരെ സഹായിക്കുകയാണ് തങ്ങള്‍ ചെയ്യുക. അന്വേഷണം സുഗമമാക്കുകയും ക്രമസമാധാനം പാലിക്കുകയുമാണ് തങ്ങളുടെ ചുമതലയെന്നും ജലന്ധര്‍ കമ്മീഷണര്‍ എ.എന്‍.ഐയോട് പ്രതികരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular