പി സി ജോര്‍ജിന് മുപടിയുമായി വനിതാ കമ്മീഷന്‍; പണമില്ലെന്ന് എഴുതി നല്‍കിയാല്‍ യാത്രാച്ചെലവ് നല്‍കാം

ന്യൂഡല്‍ഹി: വനിതാ കമ്മീഷനു മുന്നില്‍ ഹാജരാകാനായി ഡല്‍ഹിയിലേയ്ക്ക് എത്താന്‍ കമ്മീഷന്‍ പണം നല്‍കണമെന്ന പി സി ജോര്‍ജ് എംഎല്‍എയ്ക്ക് മറുപടിയുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. യാത്രാച്ചെലവിന് പണമില്ലെന്ന് എഴുതി നല്‍കിയാല്‍ യാത്രാ ബത്ത നല്‍കാമെന്ന് രേഖ ശര്‍മ പറഞ്ഞു. പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി സി ജോര്‍ജില്‍ നിന്ന് കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും രേഖ ശര്‍മ പറഞ്ഞു.

പി കെ ശശിയുടെ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി തങ്ങളെ സമീപിച്ചാല്‍ നിയമസഹായം ഉള്‍പ്പെടെ നല്‍കുമെന്നും രേഖ ശര്‍മ പറഞ്ഞു.ബിഷപ്പിനെതിരായ കേസില്‍ സംസ്ഥാനസര്‍ക്കാരിനെയും രേഖ ശര്‍മവിമര്‍ശിച്ചു. പരാതിക്കാരിയായ കന്യാസ്ത്രീയെയും ഒപ്പമുള്ള അഞ്ച് കന്യാസ്ത്രീകളെയും നേരില്‍ കണ്ട് കാര്യങ്ങള്‍ മനസ്സിലാക്കിയതാണെന്നും ഇതിന്റെ ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും കത്ത് നല്‍കിയിരുന്നുവെന്നും അവര്‍ പറഞ്ഞു. ബിഷപ്പിനെതിരായ പരാതി കൈകാര്യം ചെയ്യുന്നതില്‍ എന്തോ കുഴപ്പമുണ്ടെന്നും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് സര്‍ക്കാരെന്നും അവര്‍ വിമര്‍ശിച്ചു.

ഡല്‍ഹിയില്‍ വരാന്‍ വനിതാ കമ്മീഷന്‍ യാത്രാബത്ത നല്‍കണമെന്നും ഇല്ലെങ്കില്‍ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ കേരളത്തില്‍ വരട്ടെയെന്നുമായിരുന്നു പിസി ജോര്‍ജിന്റെ പ്രസ്താവന. വനിതാ കമ്മീഷന് ഒന്നും ചെയ്യാനാകില്ലെന്നും അവരെന്താ, എന്റെ മൂക്ക് ചെത്തുമോ എന്നുമായിരുന്നു പി സി ജോര്‍ജിന്റെ പ്രതികരണം. ബിഷപ്പിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിക്കുന്ന രീതിയില്‍ പി സി ജോര്‍ജ് പ്രസ്താവന നടത്തിയിരുന്നു. ഇതിനു പിന്നാലെ ദേശീയ വനിതാ കമ്മീഷന്‍ സമന്‍സ് അയച്ചപ്പോഴായിരുന്നു പി സി ജോര്‍ജിന്റെ പ്രസ്താവന.

Similar Articles

Comments

Advertismentspot_img

Most Popular