ആള്‍ക്കൂട്ട കൊലപാതകം തടയാന്‍ കര്‍ശന നടപടിയ്ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ഡി.ജി.പി

തിരുവനന്തപുരം: ആള്‍ക്കൂട്ടകൊലപാതകവും അക്രമവും തടയുന്നതിനും കര്‍ശനനടപടികള്‍ സ്വീകരിക്കാനും സംസ്ഥാനത്തെ പോലീസ് സേനയില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. ജില്ലാ പൊലീസ് മേധാവികളെ നോഡല്‍ ഓഫീസര്‍മാരായി നിയോഗിക്കാന്‍ സംസ്ഥാനപോലീസ് മേധാവി ലോക് നാഥ് ബെഹ്റ ഉത്തരവിട്ടു. നോഡല്‍ ഓഫീസറെ സഹായിക്കാന്‍ ഒരു ഡിവൈ.എസ്.പിയെയും നിയോഗിച്ചു.

ഇവര്‍ രണ്ടുപേരും ചേര്‍ന്ന് ജില്ലയില്‍ പ്രത്യേക കര്‍മസേന രൂപവല്‍കരിക്കണം. ആള്‍ക്കൂട്ട കൊലപാതകത്തിനും അക്രമത്തിനും നേതൃത്വം നല്‍കാന്‍ സാധ്യതയുള്ളവരെയും അത്തരം സംഭവങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്ന ഇന്റലിജന്‍സ് സംവിധാനത്തിന് ഇവര്‍ രൂപം നല്‍കണം. വിദ്വേഷ പ്രസംഗങ്ങളും പ്രസ്താവനകളും നടത്തുന്നവരെയും വ്യാജവാര്‍ത്തകള്‍ പരത്തുന്നവരെയും കണ്ടുപിടിക്കുകയും വേണം. അക്രമങ്ങളില്‍ ജാഗ്രത പാലിക്കാതിരിക്കുകയും നടപടികള്‍ വൈകിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ അത് മനപ്പൂര്‍വമാണെന്ന് കരുതി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശനനടപടിയെടുക്കാനും ഡി.ജി.പി. നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സര്‍ക്കുലറില്‍ പറയുന്ന മറ്റു കാര്യങ്ങള്‍ ഇവയാണ്:

നോഡല്‍ ഓഫീസര്‍മാര്‍ മാസത്തിലൊരിക്കലെങ്കിലും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെയും ഇന്റലിജന്‍സ് യൂണിറ്റ് മേധാവികളുടെയും യോഗം വിളിക്കണം. വിദ്വേഷ സാധ്യതയുള്ള അന്തരീക്ഷം ഒഴിവാക്കുന്നതിന് നോഡല്‍ ഓഫീസര്‍ നടപടി സ്വീകരിക്കണം.
പ്രശ്നസാധ്യതാ പ്രദേശങ്ങളില്‍ ജനം നിയമം കൈയിലെടുക്കുന്നത് തടയാന്‍ പൊലീസ് റോന്തുചുറ്റുന്നത് കാര്യക്ഷമമാക്കണം.
ജനക്കൂട്ടത്തെ ഇളക്കിവിടുന്ന തരത്തിലുള്ള സന്ദേശങ്ങളും ദൃശ്യങ്ങളും പ്രചരിക്കിപ്പുന്നവര്‍ക്കെതിരേ നിയമപ്രകാരമുള്ള വ്യവസ്ഥകളുപയോഗിച്ച് കേസെടുക്കണം.
അക്രമത്തിനു സാക്ഷികളുണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ കോടതിയിലടക്കം രഹസ്യമായി സൂക്ഷിക്കണം.
ഇരകളുടെ ബന്ധുക്കളെ കോടതിനടപടികളുടെ വിവരങ്ങള്‍ കൃത്യമായി അറിയിക്കുകയും പ്രതികളുടെ ജാമ്യം, വിട്ടയയ്ക്കല്‍, പരോള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഇവര്‍ക്ക് നല്‍കുകയും വേണം.
ഇരകളുടെ ബന്ധുക്കള്‍ക്ക് സൗജന്യ നിയമസഹായം വേണമെങ്കില്‍ ഏര്‍പ്പാടാക്കണം.
അക്രമം നടന്നാലുടന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ കേസെടുക്കുകയും ഇക്കാര്യം നോഡല്‍ ഓഫീസറെ അറിയിക്കുകയും വേണം.

Similar Articles

Comments

Advertismentspot_img

Most Popular