സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്ന സ്ത്രീകള്‍ക്കെതിരെ അശ്ലീല പ്രചരണവുമായി ‘അധോലോകം’ രഹസ്യ വാട്‌സ് ആപ്പ് ഗ്രൂപ്പ്!!!

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്ന പെണ്‍കുട്ടികള്‍ക്കെതിരെ അശ്ലീല പ്രചാരണവുമായി രഹസ്യ വാട്ട്സ്ആപ്പ് ഗൂപ്പ്. ‘അധോലോകം’ എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് സ്ത്രീകള്‍ക്കെതിരെ അശ്ലീലങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി ജോലിചെയ്യുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് ശേഷം അശ്ലീലവും അപവാദവും പറഞ്ഞ് ആസ്വദിക്കുകയും ഇവരെ ലൈംഗികമായി ഉപയോഗിച്ചതായി പ്രചരിപ്പിക്കുകയുമാണ് ഗ്രൂപ്പിന്റെ രീതി. ‘അധോലോകം’ വാട്സ് ആപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ പെണ്‍കുട്ടികളുടെ ഫോണ്‍ നമ്പറുകളും സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ലിങ്കുകളും പ്രചരിപ്പിക്കുന്നുമുണ്ട്.

പെണ്‍കുട്ടികളുടെ ഫോണിലും സോഷ്യല്‍ മീഡിയ ഇന്‍ബോക്സുകളിലും അശ്ലീല സന്ദേശങ്ങള്‍ നിറയ്ക്കുന്നവര്‍ക്കു വേണ്ടിയാണിത്. ഇതേ പേരില്‍ മറ്റൊരു ക്ലോസ്ഡ് ഫേസ്ബുക്ക് ഗ്രൂപ്പ് കൂടിയുണ്ട്. രാഷ്ട്രീയമായി വിയോജിക്കുന്നവരേയും നിലപാടുകള്‍ ഉറച്ചുപറയുന്ന പെണ്‍കുട്ടികളേയും സൈബര്‍ അശ്ലീല ആക്രമണത്തിലൂടെ തകര്‍ക്കുകയാണ് ‘അധോലോകം’ ഫേസ്ബുക്ക് ഗ്രൂപ്പിന്റെ രീതി.

ചില ട്രോള്‍ ഗ്രൂപ്പുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരാണ് ‘അധോലോകം’ അശ്ലീലസംഘത്തിലെ അംഗങ്ങളെന്ന് പരാതിക്കാരായ പെണ്‍കുട്ടികള്‍ പറയുന്നു. ഇതേ ട്രോള്‍ ഗ്രൂപ്പില്‍ തന്നെ അംഗങ്ങളായ പെണ്‍കുട്ടികളെയാണ് സാമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നതായി പരാതി നല്‍കിയിരിക്കുന്നത്. ഗ്രൂപ്പിനെതിരേ കൊല്ലം, എറണാകുളം, കോട്ടയം സ്വദേശിനികളായ പെണ്‍കുട്ടികള്‍ ജില്ലാ പോലീസ് മേധാവികള്‍ക്കും സൈബര്‍സെല്ലിനും തെളിവു സഹിതം പരാതി നല്‍കിയിട്ടുണ്ട്.

ഫേസ്ബുക്കിലെ ചില സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരേ പ്രതികരിച്ചതും സ്ത്രീപക്ഷ രാഷ്ട്രീയം പറഞ്ഞതുമാണ് തന്നെ അപമാനിക്കാന്‍ കാരണമായതെന്ന് പരാതിക്കാരിയായ ശാസ്താംകോട്ട സ്വദേശിനി പറഞ്ഞു. പരാതി നല്‍കിയതിനെ തുടര്‍ന്ന് ഭീഷണി ഫോണ്‍കോളുകള്‍ വരുന്നുണ്ട്. ഫേസ്ബുക്കില്‍ എന്തെങ്കിലും പോസ്റ്റ് ഇട്ടാലുടനെ നിരവധി മോശം കമന്റുകള്‍ അതിനു താഴെ വന്നതോടെയാണ് സംശയമുണ്ടായത്. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇങ്ങനെയൊരു ക്ലോസ്ഡ് ഗ്രൂപ്പ് ഉള്ളതായി അറിയാന്‍ കഴിഞ്ഞത്.

‘അധോലോകം’ എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പിനെതിരേ ലഭിച്ച പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പോലീസ് സൈബര്‍ സെല്‍ ഇന്‍ ചാര്‍ജ് വൈ.ടി. പ്രമോദ് പറഞ്ഞു. ഗ്രൂപ്പിന്റെ അഡ്മിന് എതിരേയാണ് പ്രാഥമിക അന്വേഷണം. കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച ശേഷം സാമൂഹിക മാധ്യമങ്ങള്‍ വഴി സ്ത്രീകളെ അപമാനിച്ചതിനും സൈബര്‍ ആക്ട് പ്രകാരവും പ്രതികളായവര്‍ക്കെതിരേ കേസെടുക്കുമെന്ന് വൈ.ടി. പ്രമോദ് അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular