തീപിടിക്കാന്‍ സാധ്യത; ടൊയോട്ട 10 ലക്ഷം കാറുകള്‍ തിരിച്ചുവിളിച്ചു

വാഹനത്തിന് തീപിടിക്കാന്‍വരെ സാധ്യത ഉള്ളതിനാല്‍ ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ ആഗോളതലത്തില്‍ പത്ത് ലക്ഷത്തിലധികം ഹൈബ്രിഡ് കാറുകള്‍ തിരിച്ചുവിളിച്ചു. സുരക്ഷാ പരിശോധനകള്‍ക്കായി ഏകദേശം 10,03,000 വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നതെന്ന് ടൊയോട്ട അറിയിച്ചു. 2015 ജൂണിനും 2018 മെയ് മാസത്തിനുമിടയില്‍ നിര്‍മ്മിച്ച ഹൈബ്രിഡ് കാറുകളാണ് ഇവ. പ്രിയസ്, പ്രിയസ് പിഎച്ച്വി (പ്ലഗ് ഇന്‍ ഹൈബ്രിഡ്), സി-എച്ച്ആര്‍ ഉള്‍പ്പെടെയുള്ള മോഡലുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. വാഹനങ്ങളില്‍ തീ പിടിക്കാന്‍ വരെ കാരണമായേക്കാവുന്ന സാങ്കേതിക പ്രശ്നം ഉണ്ടോ എന്ന് പരിശോധിക്കും. 10,03,000 വാഹനങ്ങളില്‍ 5,54,000 കാറുകള്‍ ജപ്പാനിലും 2,17,000 കാറുകള്‍ വടക്കേ അമേരിക്കയിലും 2,19,000 കാറുകള്‍ യൂറോപ്പിലും തിരിച്ചുവിളിച്ച് സുരക്ഷാ പരിശോധനകള്‍ നടത്തും.

തിരിച്ചുവിളിച്ച വാഹനങ്ങളിലെ ഇലക്ട്രിക്കല്‍ വയറിംഗ് ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമായേക്കുമെന്ന് ഗതാഗത മന്ത്രാലയത്തിന് സമര്‍പ്പിച്ച രേഖയില്‍ കമ്പനി വ്യക്തമാക്കി. വാഹനത്തിന് തീ പിടിക്കുന്ന അവസ്ഥ വരെ ഉണ്ടായേക്കുമെന്ന് ടൊയോട്ട ജപ്പാന്‍ വക്താവ് പറഞ്ഞു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ജപ്പാനില്‍ ആപത്ത് സംഭവിച്ചതായി അറിയില്ലെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.

ടൊയോട്ട 1997 മുതല്‍ ആഗോളതലത്തില്‍ ഒരു കോടിയിലധികം ഹൈബ്രിഡ് (പെട്രോള്‍-ഇലക്ട്രിക്) വാഹനങ്ങളാണ് വിറ്റത്. എയര്‍ബാഗ്, ഫ്യൂവല്‍ എമിഷന്‍ കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുമായി ബന്ധപ്പെട്ട തകരാറുകളെതുടര്‍ന്ന് 2016 ല്‍ ടൊയോട്ട ആഗോളതലത്തില്‍ 33.7 ലക്ഷം വാഹനങ്ങള്‍ തിരിച്ചുവിളിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular