‘സ്വവര്‍ഗരതി ചികിത്സ വേണ്ടുന്നൊരു മാനസിക വൈകൃതമാണ്’,മനുഷ്യന്റെ സ്വാതന്ത്ര്യം മൃഗത്തിന്റേതിന് തുല്യമല്ലെന്ന് ശശികല

തിരുവനന്തപുരം: സ്വവര്‍ഗ ലൈംഗികത എന്നത് ചികിത്സ ആവശ്യമുളള മാനസിക വൈകല്യമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികല. ഏഷ്യാനെറ്റ് ഓണ്‍ലൈനാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്വവര്‍ഗരതി നിയമവിധേയമാക്കി കൊണ്ട് സുപ്രിംകോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെയാണ് ശശികലയുടെ പ്രതികരണം.

ഭരണഘടനാ ശില്‍പ്പികള്‍ നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത് ഈ നാടിന്റെ പാരമ്പര്യവും പൈതൃകവും കൂടി പരിഗണിച്ച് കൊണ്ടായിരിക്കാമെന്ന് ശശികല പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന എല്ലാ നിയമവും നാം പിന്തുടരുന്നില്ല. ഐപിസി 377 നെ നിലനിര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് നമ്മുടെ സംസ്‌കാരത്തെ കൂടി പരിഗണിച്ചാണ്. അതിനാല്‍ ആ നിയമത്തിന്റെ ഭേദഗതി ശരിയാണോ എന്ന് അറിയില്ലെന്നും ശശികല പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.

‘മനുഷ്യന്റെ സ്വാതന്ത്ര്യത്തിന് പരിധികളും പരിമിതികളുമുണ്ട്. അത് മൃഗത്തിന്റേതിന് തുല്യമല്ല. ചില വ്യവസ്ഥകള്‍ ഇല്ലെങ്കില്‍ പരിധിയില്ലാതെ സ്വാതന്ത്ര്യം ഉപയോഗിച്ച് അത് മൊത്തം ബുദ്ധിമുട്ടായി മാറും. അതിനാല്‍ ഇത്തരം ചില നിബന്ധനകളും കാര്യങ്ങളും ആവശ്യമാണെന്നാണ് എന്നെ സംബന്ധിച്ച് തോന്നുന്നത്. ഇത് ചികിത്സ വേണ്ടുന്നൊരു മാനസിക വൈകൃതമാണ്. അതിനെ സ്വാതന്ത്ര്യമായി തെറ്റിദ്ധരിക്കുകയാണോ എന്നൊരു സംശയമുണ്ട്.’ ശശികല പറഞ്ഞു.

ചരിത്രപരമായ വിധിയിലൂടെ സ്വവര്‍ഗരതി കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ആം വകുപ്പ് സുപ്രീം കോടതി ഭാഗികമായി റദ്ദാക്കുകയായിരുന്നു. സ്വവര്‍ഗ ബന്ധങ്ങള്‍ അംഗീകരിക്കണമെന്നും എല്ലാത്തരം അടിച്ചമര്‍ത്തലുകളും നിയമവിരുദ്ധമാണെന്നും സുപ്രിംകോടതി നിരീക്ഷണം. സ്വവര്‍ഗ ലൈംഗികതയെ ശിക്ഷിക്കാനുള്ള ക്രിമിനല്‍ കുറ്റമാക്കിയ കൊളോണിയല്‍ കാലഘട്ടത്തിലെ നിയമം റദ്ദാക്കി കൊണ്ടാണ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. എല്‍.ജി.ബി.ടി സമൂഹത്തിനെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular