തിരികെ പോരാന്‍ ഒരുങ്ങുമ്പോള്‍ അയാള്‍ മുറിയില്‍ കടന്നു വന്ന് വാതില്‍ ഉള്ളില്‍ നിന്നും പൂട്ടി, കിടക്കയില്‍ തള്ളിയിടാന്‍ ശ്രമിച്ചു; എം.എല്‍.എ ഹോസ്റ്റലില്‍ യുവതി നേരിട്ടത്

തൃശൂര്‍: ഡിവൈഎഫ്ഐ നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത് രണ്ടു ദിവസം എംഎല്‍എ ഹോസ്റ്റലില്‍ വച്ച് തങ്ങിയ ശേഷം തിരികെ പോരാന്‍ തയ്യാറാകുന്ന സമയത്ത്. ഏതോ പേപ്പര്‍ ശരിയാക്കാനുണ്ടെന്ന് പറഞ്ഞ് രണ്ടു ദിവസം അനാവശ്യമായി തന്നെ അവിടെ താമസിപ്പിക്കുകയായിരിന്നുവെന്നും യുവതി പറയുന്നു. ഒമ്പതാം തീയതി തിരുവനന്തപുരത്ത് എത്തിയ തങ്ങള്‍ 11 ന് രാവിലെയാണ് തിരികെ പോരാന്‍ തുടങ്ങിയതെന്നും യുവതി പറഞ്ഞു.

ഡിവൈഎഫ്ഐയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു യുവതിക്കും ജീവന്‍ലാലില്‍ നിന്നും ഈ രീതിയില്‍ മോശമായ പെരുമാറ്റം അനുഭവിക്കേണ്ടി വന്നെന്നും ആ കുട്ടിയില്‍ നിന്നാണ് ലോക്കല്‍ കമ്മറ്റിയിലേക്കും ഏരിയാകമ്മറ്റിയിലേക്കും വിഷയം എത്തിയത്. ബാലസംഘത്തില്‍ പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ സഹോദരനെപ്പോലെ കരുതിയ ആളില്‍ നിന്നും മോശം പെരുമാറ്റം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും യുവതി പറഞ്ഞു. എംഎല്‍എ ഹോസ്റ്റലില്‍ നിന്നും 11 ന് രാവിലെ തിരികെ പോരാന്‍ ഒരുങ്ങി ബാഗ് എടുക്കുമ്പോള്‍ അയാള്‍ മുറിയില്‍ കടന്നു വന്ന് വാതില്‍ ഉള്ളില്‍ നിന്നും പൂട്ടി. കിടക്കയില്‍ തള്ളിയിടാന്‍ ശ്രമിച്ചു. ശബ്ദമുണ്ടാക്കി ഓടിമാറാന്‍ തുടങ്ങിയപ്പോള്‍ വായ പൊത്തിപ്പിടിച്ചു. ചെറുത്തു നിന്നതോടെ അയാള്‍ പിന്മാറി. കാര്യം നടക്കാതെ വന്നതോടെ അയാള്‍ മാപ്പുപറഞ്ഞു. കരയുകയും ചെയ്തു.

മടക്കയാത്രയില്‍ ആര്‍ക്കും സംശയം തോന്നരുതെന്ന രീതിയില്‍ ശ്രദ്ധിച്ചാണ് പെരുമാറിയത്. അതേസമയം മോശം പെരുമാറ്റത്തില്‍ താന്‍ തകര്‍ന്നുപോയി. കുറേ കരഞ്ഞു. വീട്ടിലെത്തി എല്ലാക്കാര്യങ്ങളും പറഞ്ഞു. സിപിഎം കുടുംബം എന്ന നിലയില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ഒന്നും നടന്നിട്ടില്ല. ലോക്കല്‍ കമ്മറ്റിയില്‍ രേഖാമൂലം പരാതിയും നല്‍കിയിരുന്നു. ഏരിയാകമ്മറ്റി കൂടി ജീവന്‍ലാലിനെ പുറത്താക്കിയെന്നാണ് പറഞ്ഞതെങ്കിലും പിന്നീടും പാര്‍ട്ടി പരിപാടികളില്‍ അയാളെ കാണാന്‍ തുടങ്ങിയതോടെ ഇരിങ്ങാലക്കുട ഡിവൈഎസ്പിയ്ക്ക് പരാതി കൊടുക്കുകയായിരുന്നു.

പാര്‍ട്ടി കുടുംബമായിട്ടും ആരും ഒന്നും ചെയ്യാതെ വരികയും അപവാദ പ്രചരണം ആരംഭിക്കുകയും ചെയ്തതോടെയാണ് നിയമപരമായി നീങ്ങിയത്. ഒരു വര്‍ഷത്തേക്ക ജീവന്‍ലാലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുള്ളതായി അറിയാന്‍ കഴിഞ്ഞെങ്കിലൂം നിയമപരമായി മുമ്പോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും യുവതി പറയുന്നു. സെപ്തംബര്‍ മൂന്നിനായിരുന്നു യുവതി പോലീസില്‍ പരാതി നല്‍കിയത്. മെഡിക്കല്‍ പ്രവേശനത്തിനായി ശ്രമിച്ചുകൊണ്ടിരിക്കെ എംഎല്‍എ യുടെ പിഎ യുടെ മകള്‍ പഠിക്കുന്ന തിരുവനന്തപുരത്തെ കോച്ചിംഗ് സെന്ററിനെക്കുറിച്ച് പറഞ്ഞായിരുന്നു ജീവന്‍ലാല്‍ യുവതിയെ കൊണ്ടുപോയത്.

അയാള്‍ക്ക് ഏതോ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തു പോകേണ്ട ആവശ്യമുണ്ടെന്നും പറഞ്ഞു. അങ്ങനെയാണ് ജൂലായ് ഒമ്പതിന് രാത്രി രണ്ടുപേരും തിരുവനന്തപുരത്ത് എത്തിയത്. അന്ന് എം.എല്‍.എ. ഹോസ്റ്റലില്‍ താമസിച്ചു. കാര്യങ്ങള്‍ ശരിയാക്കി പിറ്റേന്നു തിരിച്ചുപോരണമെന്നു കരുതിയിരിക്കെയാണ് ജീവന്‍ലാലിന് ഏതോ പേപ്പര്‍ ശരിയാക്കാനുണ്ടെന്ന് പറഞ്ഞ് ഒരു ദിവസം കൂടി തങ്ങിയത്. സംഭവം വിവാദമായതോടെ പാര്‍ട്ടിയെ കരിവാരിത്തേച്ചുവെന്ന് ആരോപണം നേരിടുകയാണ് ഇപ്പോള്‍ ഇരയുടെ കുടുംബം. ജീവന്‍ലാല്‍ തന്നെ വീട്ടിലെത്തി മാപ്പു പറഞ്ഞെങ്കിലും മുമ്പോട്ട് പോകാനാണ് തീരുമാനം.

Similar Articles

Comments

Advertismentspot_img

Most Popular