ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിന് കാരണം മൊഴികളിലെ വൈരുദ്ധ്യം; കണ്ടെത്തിയത് ഇരുപതിലേറെ പൊരുത്തക്കേടുകള്‍

കോട്ടയം: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിന് കാരണം മൊഴികളിലെ വൈരുദ്ധ്യങ്ങളെന്ന് റിപ്പോര്‍ട്ട്. പരാതിക്കാരിയായ കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും മൊഴികളില്‍ കണ്ടെത്തിയത് ഇരുപതിലേറെ പൊരുത്തക്കേടുകളാണ്. പാരുത്തക്കേടുകള്‍ സംബന്ധിച്ച അന്വേഷണം ഒരാഴചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിനുള്ള നിര്‍ദേശം. മൊഴികളിലെ വൈരുദ്ധ്യത്തില്‍ വ്യക്തത വരുത്തിയ ശേഷം ബിഷപ്പിനെ ചോദ്യം ചെയ്താല്‍ മതിയെന്നാണ് തീരുമാനം.

കൊച്ചിയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ധൃതിപിടിച്ച് അറസ്റ്റ് ചെയ്യേണ്ടെന്ന തീരുമാനമുണ്ടായത്. മൊഴികളില്‍ കണ്ടെത്തിയ പൊരുത്തക്കേടുകള്‍ തന്നെയാണ് മുഖ്യ കാരണം. ഇതു വരെ ശേഖരിച്ച എല്ലാ മൊഴികളും ഉന്നത ഉദ്യോഗസ്ഥര്‍ വീണ്ടും പരിശോധിച്ചു. കന്യാസ്ത്രീയും ബിഷപ്പും നല്‍കിയ മൊഴിയില്‍ കാര്യമായ പൊരുത്തക്കേടുകളുണ്ട്. പരാതി നല്‍കാന്‍ വൈകിയതു സംബന്ധിച്ച് കന്യാസ്ത്രീ നല്‍കിയ വിശദീകരണത്തില്‍ അന്വേഷണ സംഘം തൃപ്തരല്ലെന്നാണ് സൂചന. 2013-2016 കാലയളവില്‍ പീഡനം നടന്നെങ്കിലും 2016 നു ശേഷമാണ് പരാതി നല്‍കിയത്.

ബിഷപ്പിനെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, പാല ബിഷപ്പ് തുടങ്ങിയവര്‍ക്കു പരാതി നല്‍കിയെന്ന കന്യാസ്ത്രീയുടെ മൊഴി ഇവര്‍ നിഷേധിച്ചതും അന്വേഷണത്തെ ബാധിച്ചു. ഡല്‍ഹിയിലെ വത്തിക്കാന്‍ പ്രതിനിധിക്കാണ് ലൈംഗിക പീഡനം സംബന്ധിച്ച് കന്യാസ്ത്രീ ആദ്യം പരാതി നല്‍കിയത്. കന്യാസ്ത്രീ നല്‍കിയ പരാതിയുടെ അസല്‍ പകര്‍പ്പ് വത്തിക്കാന്‍ പ്രതിനിധിയുടെ ഓഫിസ് അന്വേഷണ സംഘത്തിന് ഇതുവരെ കൈമാറിയില്ല. സഭാ നേതൃത്വം സഹകരിക്കാത്തതും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. വത്തിക്കാന്‍ പ്രതിനിധിക്കയച്ച പരാതിയുടെ വിശദാംശങ്ങള്‍ അടങ്ങുന്ന ഹാര്‍ഡ് ഡിസ്‌ക് കഴിഞ്ഞ ദിവസം അന്വേഷണ സംഘം മഠത്തില്‍ നിന്ന് പിടിച്ചെടുത്തു.

കേരളത്തിലെ സന്ദര്‍ശനം, കന്യാസ്ത്രീ പരാതി നല്‍കാന്‍ ഇടയായ സാഹചര്യം എന്നിവ സംബന്ധിച്ചു ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കുന്ന വിശദീകരണത്തിലും പൊരുത്തക്കേടുകളുണ്ട്. തെളിവുകള്‍ പൂര്‍ണമായി ശേഖരിക്കുകയും അതില്‍ വ്യക്തത വരുത്തിയ ശേഷം മാത്രമെ ഇനി ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുകയുള്ളൂ.

Similar Articles

Comments

Advertismentspot_img

Most Popular