പ്രസവത്തിനിടെ യുവതിക്ക് ഡോക്ടറുടെ ക്രൂര മര്‍ദനം; കാരണം മൂന്നാമതും ഗര്‍ഭിണിയായത്…

ന്യൂഡല്‍ഹി: പ്രസവത്തിനിടെ യുവതിക്ക് ഡോക്ടറുടെ ക്രൂര മര്‍ദനം. മൂന്നാമതും ഗര്‍ഭിണിയായതിന്റെ പേരിലാണ് പ്രസവത്തിനിടെ യുവതിയെ ഡോക്ടര്‍ മര്‍ദിച്ചത്. മൂന്നാമത്തെ കുഞ്ഞിനെ പ്രസവിക്കാന്‍ ആശുപത്രിയിലെത്തിയപ്പോഴാണ് കുടുംബാസൂത്രണമില്ലെന്നാരോപിച്ച് ഡോക്ടര്‍ മര്‍ദിച്ചത്. 22കാരിയായ ബുള്‍ബുള്‍ അറോറയ്ക്കാണ് മര്‍ദനമേറ്റത്.

ഡോക്ടര്‍ ഹെഗ്ഡേവാര്‍ ആരോഗ്യ സന്‍സ്ഥാന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ബുള്‍ബുളിന്റെ കുടുംബം പരാതി നല്‍കി. ലേബര്‍ റൂമില്‍ വെച്ചാണ് ഡോക്ടര്‍ ബുള്‍ബുളിനെ തല്ലിയത്. ശനിയാഴ്ചയാണ് പ്രസവ വേദനയെത്തുടര്‍ന്ന് ബുള്‍ബുളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടന്‍ തന്നെ ലേബര്‍ റൂമിലേയ്ക്ക് കൊണ്ടു പോയി. ഇതിനിടെ ഒരു ഡോക്ടര്‍ തുടയില്‍ ഇടിക്കുകയും അടിക്കുകയുമായിരുന്നു. പ്രസവ വേദനയില്‍ കരഞ്ഞപ്പോള്‍ കുടുംബാസൂത്രണമില്ലെന്നാരോപിച്ചായിരുന്നു മര്‍ദനം.

11.20ന് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. പക്ഷേ 1.30 ആയിട്ടും ഈ വിവരം കുടുംബത്തെ അറിയിക്കാന്‍ ഡോക്ടര്‍ തയ്യാറായില്ല. ഇതോടെ വിവരം അന്വേഷിക്കാന്‍ അമ്മ ലേബര്‍ റൂമിലേയ്ക്ക് വന്നപ്പോഴാണ് ബുള്‍ബുളിനെയും കുഞ്ഞിനെയും വേണ്ടത്ര പരിചരണമില്ലാതെ കിടത്തിയിരിക്കുന്നത് കണ്ടത്. പിന്നീട് മര്‍ദനത്തെക്കുറിച്ച് വീട്ടുകാരോട് പറയുകയായിരുന്നു.

തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ക്കും പോലീസിനും പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പരാതിയില്‍ സത്യമുണ്ടെന്ന് തെളിഞ്ഞാല്‍ ആവശ്യമായ നടപടിയെടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

SHARE