ഹോട്ടലില്‍ മടങ്ങിയെത്തിയ കോഹ്‌ലിയെ കാത്തിരുന്നത്‌ ഉഗ്രന്‍ സര്‍പ്രൈസ്!!!

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ പേരില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 6,000 റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് കോഹ്ലി സ്വന്തം പേരില്‍ കുറിച്ചത്. സതാംപ്ടണില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്.

റെക്കോര്‍ഡ് സ്വന്തമാക്കി സതാംപ്ടണിലെ ഹോട്ടലില്‍ മടങ്ങിയെത്തിയ കോഹ്ലിയെ കാത്തിരുന്നതൊരു സര്‍പ്രൈസായിരുന്നു. കോഹ്ലിയുടെ നേട്ടത്തിന് സതാംപ്ടണിലെ ഹാര്‍ബര്‍ ഹോട്ടല്‍ അംഗങ്ങള്‍ കേക്ക് സമ്മാനിച്ചാണ് കോഹ്ലിയുമായി സന്തോഷം പങ്കുവെച്ചത്. 6000 റണ്‍സ് എന്നെഴുതി മനോഹരമായി അലങ്കരിച്ച കേക്കായിരുന്നു അത്. ഹോട്ടല്‍ അംഗങ്ങള്‍ നല്‍കിയ സമ്മാനത്തിന്റെ ചിത്രം കോഹ്ലി തന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

119 ഇന്നിങ്സിലാണ് കോഹ്ലി 6000 റണ്‍സ് പൂര്‍ത്തിയാക്കിയത്. സാക്ഷാല്‍ സച്ചിനേക്കാളും വിവിയന്‍ റിച്ചാര്‍ഡ്സിനേക്കാളും വേഗത്തിലാണ് വിരാട് ഈ നാഴികക്കല്ല് മറി കടന്നത്. വിരാടിന് മുന്നിലുള്ളത് ഇതിഹാസ താരം സുനില്‍ ഗവാസ്‌കറാണ്. ഗവാസ്‌കര്‍ 117 ഇന്നിങ്സില്‍ നിന്നുമാണ് 6000 നേടിയത്. സച്ചിനും റിച്ചാര്‍ഡ്സും 120 ഇന്നിങ്സ് എടുത്തിട്ടാണ് 6000 റണ്‍സെടുത്തത്.

തന്റെ 70ാം ടെസ്റ്റ് കളിക്കുന്ന കോഹ്ലി ബൗണ്ടറിയിലൂടെയാണ് 6000 കടന്നത്. അതേസമയം, ഈ നാഴികക്കല്ല് പിന്നിട്ടതിന്റെ ലോക റെക്കോര്‍ഡ് ഇതിഹാസ താരം സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്റെ പേരിലാണ്. വെറും 68 ഇന്നിങ്സിലാണ് അദ്ദേഹം 6000 നേടിയത്.

Similar Articles

Comments

Advertismentspot_img

Most Popular