ആഗസ്റ്റ് 9 മുതല്‍ ശക്തമായ മഴ പെയ്യുമെന്ന് നേരത്തേ തന്നെ അറിയിച്ചിരുന്നു, മുഖ്യമന്ത്രിയെ തള്ളി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കൊച്ചി:കാലാവസ്ഥ പ്രവചനം പാളിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം തള്ളി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആഗസ്റ്റ് 9 മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുമെന്ന് നേരത്തേ തന്നെ അറിയിച്ചിരുന്നു. ആഗസ്റ്റ് 9ന് വീണ്ടും മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചതെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം വ്യക്തമാക്കി. എന്നാല്‍ ആഗസ്റ്റ് 14നാണ് അറിയിപ്പ് ലഭിച്ചതെന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്.

എന്നാല്‍ ആവശ്യമായ എല്ലാ മുന്നറിയിപ്പുകളും അതാത് സമയങ്ങളില്‍ നല്‍കിയിട്ടുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിശദീകരണം. ആഗസ്റ്റ് 9-15 വരെ കാലയളവില്‍ കേരളമുള്‍പ്പെടുന്ന മേഖലയില്‍ അസാധാരണ മഴയുണ്ടാകുമെന്ന് ആഗസ്റ്റ് 2ന് തന്നെ അറിയിച്ചു. ആഗസ്റ്റ് ഒമ്പതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലും ഇക്കാര്യം ആവര്‍ത്തിച്ചു. ദുരന്ത നിവാരണ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടു.

ആഗസ്റ്റ് പത്തിന് ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറിയെയും ഫോണില്‍ അറിയിച്ചുവെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. ആഗസ്റ്റ് 10ന് ശേഷം മഴ കുറഞ്ഞതോടെ കാര്യങ്ങള്‍ നിയന്ത്രണവിധേയമെന്ന മട്ടായിരുന്നു സര്‍ക്കാരിന്. എന്നാല്‍ 13 മുതല്‍ മഴ വീണ്ടും കനക്കുമെന്ന മുന്നറിയിപ്പ് ആഗസ്റ്റ് ഒമ്പതിന് നല്‍കിയെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പില്‍ വ്യക്തമാകുന്നത്. പ്രവചനമല്ല, ഒരുക്കങ്ങളാണ് പാളിയതെന്ന പ്രതിപക്ഷ ആരോപണത്തിന് ശക്തിപകരുന്നതാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വെളിപ്പെടുത്തല്‍.

Similar Articles

Comments

Advertismentspot_img

Most Popular