ഇന്ത്യയുടെ പമോന്നത നീതിപീഠമായ സുപ്രീം കോടതിയിലെ സഹപ്രവര്‍ത്തകരെ സാക്ഷി നിര്‍ത്തിയാണ് രണ്ട് ജഡ്ജിമാര്‍ കേരളത്തിനായി ഗാനമാലപിച്ചത്.അതിജീവിനത്തിനായി പോരാട്ടം നടത്തുന്ന ഒരു ജനതയോട് നൈതിക ബോധംകൊണ്ടും സര്‍ഗാത്മക ശേഷി കൊണ്ടും ഐക്യപ്പെട്ട നീതിപീഠത്തിന്റെ കാവലാളുകള്‍ അവരുടെ സ്നേഹസംഗീതമാണ് കേരളത്തിനായി ആലപിച്ചത്.
പ്രളയദുരന്തത്തെ നേരിടുന്ന കേരളത്തെ സഹായിക്കാനുളള ധനശേഖരണാര്‍ത്ഥം നടത്തിയ പരിപാടിയിലാണ് സുപ്രീം കോടതിയിലെ മലയാളി ജഡ്ജിമാരായ കുര്യന് ജോസഫും കെ എം ജോസഫും ഗായകരായത്.
‘വീ ഷാല്‍ ഓവര്‍കം’, ‘ഹം ഹോംഗേ കാംയാബ്’ എന്നീ ഗാനങ്ങള്‍ പിന്നണി ഗായകനായ മൊഹിത് ചൗഹാനൊപ്പം പാടി ജസ്റ്റിസ് കുര്യന് ജോസഫാണ് പരിപാടി അവസാനിപ്പിച്ചത്.
ഹിന്ദി, മലയാളം പാട്ടുകള്‍ പാടി കേള്‍വിക്കാരെ വികാരത്തിലാഴ്ത്തിയ ജസ്റ്റിസ് കെ എം ജോസഫ് വന്‍ കൈയ്യടിയും നേടി. പ്രളയക്കെടുത്തിയില്‍ കേരളത്തെ ജീവിതത്തിന്റെ കരയ്ക്ക്ടുപ്പിച്ച മത്സ്യത്തൊഴിലാളികളെ ഓര്‍ത്തായിരിക്കണം കെ എം ജോസഫിന്റെ ആദ്യഗാനം മത്സ്യത്തൊഴിലാളികളുടെ കഥ പറയുന്ന ‘അമരം’ എന്ന മലയാള ചലച്ചിത്രത്തില്‍?നിന്നുളള ‘വികാര നൗകയില്‍’?എന്നതായിരുന്നു. ‘മധുബന്‍ ഖുശ്ബു ദേത്താ ഹൈ’ അയിരുന്നു മലയാളത്തിന്റെ ശീലില് അദ്ദേഹം പാടി ആദ്യ ഹിന്ദി ഗാനം.
ബോളിവുഡ് പിന്നണി ഗായകനായ മൊഹിത് ചൗഹാന് ഒരു ഹിന്ദി ഗാനവും ഒരു ഹിമാചല്‍ ഗാനവും പാടി.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മുഖ്യാതിഥിയായിരുന്നു. സുപ്രീം കോടതിയിലെ ജഡ്ജിമാരായ മഥന്‍ ബി ലോക്കൂര്‍, എ കെ സിക്രി, എ എം ഖാന്‍വില്‍ക്കര്‍, ദീപക് ഗുപ്ത, ഡി വൈ ചന്ദ്രചൂഢ്, ഡല്‍ഹി ഹൈക്കോടതിയിലെ ജഡ്ജിയായ സി. ഹരിശങ്കര്‍ എന്നിവരും ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
സുപ്രീം കോടതി റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ മുന്‍കൈയിലാണ് ഈ പരിപാടി നടന്നത്. ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഇന്റര്‍നാഷണല്‍ ലോ യുടെ ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. രണ്ട് മണിക്കൂര്‍ നീണ്ട പരിപാടിക്ക് ശേഷം കേരളത്തെ സഹായിക്കാനുളള ധനശേഖരണവും നടന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സുപ്രീം കോടതി ജഡ്ജിമാര്‍ കേരളത്തിനെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കിയിരുന്നു.