പിണറായിയെ അവഹേളച്ചയാളെ പിടികിട്ടി; മലയാളി തന്നെ…!

തിരുവനന്തപുരം: സൈനിക വേഷം ധരിച്ച്, മുഖ്യമന്ത്രി പിണറായി വിജയനെയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെയും അവഹേളിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വിഡിയോ പോസ്റ്റ് ചെയ്തതു പത്തനംതിട്ട സ്വദേശിയായ ടെറിട്ടോറിയല്‍ ആര്‍മി ഉദ്യോഗസ്ഥനെന്നു പ്രാഥമിക വിവരം.

പത്തനംതിട്ട കടമ്മനിട്ട സ്വദേശിയായ കെ.എസ്. ഉണ്ണി എന്നയാളാണു വിഡിയോ പോസ്റ്റ് ചെയ്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി സൈബര്‍ പൊലീസ് അറിയിച്ചു. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. ഇയാള്‍ക്കെതിരെ ആള്‍മാറാട്ടം, പൊതുജനശല്യം എന്നീ കാര്യങ്ങള്‍ക്ക് ഐപിസി 505, 118ഡി തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇത്തരം സംഭവങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

ഞായറാഴ്ച രാവിലെയാണു വിവിധ ഗ്രൂപ്പുകളില്‍ വിഡിയോ പ്രചരിച്ചത്. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സൈന്യത്തെ ഏല്‍പ്പിക്കണമെന്നാണ് ഇയാള്‍ ആവശ്യപ്പെട്ടത്. സംസ്ഥാന ഭരണം നഷ്ടമാകുമെന്നു ഭയന്നു പിണറായി വിജയനും കൂട്ടരും സൈന്യത്തെ വിളിക്കാത്തതാണെന്നും സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി സര്‍ക്കാരിന് ഒന്നുമറിയില്ലെന്നുമായിരുന്നു ഇയാളുടെ പ്രസ്താവന. രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈനികരെ ഏല്‍പ്പിക്കാനാവില്ലെന്നു പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വ്യക്തിപരമായി അധിക്ഷേപിച്ച ഇയാള്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്.

മുഖ്യമന്ത്രിയെ ചോദ്യം ചെയ്തുകൊണ്ടു സൈനിക വേഷത്തില്‍ ഒരാള്‍ സംസാരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇയാള്‍ സൈനികനല്ലെന്നു വ്യക്തമാക്കി കരസേന രംഗത്തെത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചു തെറ്റിദ്ധാരണ പരത്തുന്നയാള്‍ സൈനികനല്ലെന്നു കരസേനാ അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. ഇപ്പോഴത്തെ ദുരിതത്തെ മറികടക്കാനാണ് ഇന്ത്യന്‍ സൈന്യം ഓരോ നിമിഷവും ശ്രമിക്കുന്നത്. ഇതിനിടയില്‍ കരസേനയുടെ പേരില്‍ തെറ്റിദ്ധാരണ നടത്തിയതു ശ്രദ്ധയില്‍ പെട്ടു. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും വ്യക്തമാക്കി. സൈന്യവുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 7290028579 എന്ന വാട്‌സാപ് നമ്പറില്‍ വിവരം അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular