വീണ്ടും അത് സംഭവിച്ചു;19 വര്‍ഷങ്ങള്‍ക്കു ശേഷം കൊച്ചി നാവികസേന എയര്‍പോര്‍ട്ടില്‍ യാത്രാ വിമാനമിറങ്ങി; ( വീഡിയോ കാണാം) ആദ്യമെത്തിയത് എയര്‍ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങള്‍

കൊച്ചി: 19 വര്‍ഷങ്ങള്‍ക്ക് ശേഷം അപൂര്‍വ കാഴ്ചയായി കൊച്ചി വില്ലിങ്ഡന്‍ ദ്വീപിലെ വ്യോമതാവളത്തില്‍ വീണ്ടും യാത്രാവിമാനമിറങ്ങി. എയര്‍ ഇന്ത്യയുടെ ചെറുവിമാന ഉപകമ്പനിയായ അലയന്‍സ് എയറിന്റെ 70 പേര്‍ക്കു യാത്ര ചെയ്യാവുന്ന ചെറുവിമാനം എടിആര്‍ ആണ് രാവിലെ 7.30 നാണ് ബംഗളൂരുവില്‍ നിന്ന് കൊച്ചിയിലെ ഐഎന്‍എസ് ഗരുഡ വ്യോമത്താവളത്തിലിറങ്ങിയത്. ഇതിനു ശേഷം ഇന്‍ഡിഗോയുടെ വിമാനവും ഇറങ്ങി.

രാജ്യാന്തര വിമാനത്താവളം തുറക്കുന്നതുവരെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്ന് ആഭ്യന്തര സര്‍വീസുകള്‍ നടത്തും. ബംഗളൂരുവിലേക്കു രണ്ടും കോയമ്പത്തൂരിലേക്ക് ഒരു സര്‍വീസുമാണു തുടക്കത്തില്‍ ഉണ്ടാവുക. ദിവസം മൂന്നു സര്‍വീസ്. ഏറ്റവുമൊടുവില്‍ നേവല്‍ ബേസ് വിമാനത്താവളത്തില്‍നിന്നു പൊതുജനങ്ങള്‍ക്കായുള്ള സര്‍വീസ് നടത്തിയത് 1999 ജൂണ്‍ പത്തിന് ആയിരുന്നു.

നെടുമ്പാശേരി വിമാനത്താവളം പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്നാണ് ചെറുവിമാനങ്ങള്‍ ഉപയോഗിച്ച് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍നിന്നു സര്‍വീസുകള്‍ നടത്തുന്നത്. പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളം ഈ മാസം 26 വരെ സര്‍വീസ് നിര്‍ത്തി വച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 70 സീറ്റുള്ള യാത്രാവിമാനങ്ങള്‍ക്കു നാവികസേനാ താവളം ഉപയോഗിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നേരത്തെ അംഗീകാരം നല്‍കിയത്.

എയര്‍ ട്രാഫിക് കണ്‍ട്രോള്‍, സുരക്ഷാ പരിശോധന, ബാഗേജ് പരിശോധന, ട്രോളികള്‍, യാത്രക്കാരുടെ നിരീക്ഷണം തുടങ്ങിയവ നാവികസേനാ താവളത്തില്‍ സജ്ജമാക്കി. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, സിഐഎസ്എഫ്, എയര്‍ ഇന്ത്യ എന്നിവ ചേര്‍ന്ന് ഈ ദൗത്യങ്ങള്‍ നിര്‍വഹിക്കും. നേവല്‍ എയര്‍ സ്‌റ്റേഷനായ ഗരുഡയാണു സംവിധാനങ്ങള്‍ ഒരുക്കുന്നത്.

വിമാനത്തിന്റെ സമയക്രമം ഇങ്ങനെയാണ്…

-ബെംഗളൂരുവില്‍നിന്നു രാവിലെ ആറിനു പുറപ്പെടും. 7.20നു കൊച്ചിയില്‍.

-കൊച്ചിയില്‍നിന്ന് 8.10നു പുറപ്പെടും. 9.30നു ബെംഗളൂരുവില്‍.

-ബെംഗളൂരുവില്‍നിന്നു 10നു പുറപ്പെടും. 11.20നു കൊച്ചിയില്‍.

-കൊച്ചിയില്‍നിന്ന് ഉച്ചയ്ക്കു 12.10നു പുറപ്പെടും. 1.30നു ബെംഗളൂരുവില്‍.

-ബെംഗളൂരുവില്‍നിന്നു 2.10നു പുറപ്പെടും. 3.10നു കോയമ്പത്തൂരില്‍.

-കോയമ്പത്തൂരില്‍നിന്നു 3.40നു പുറപ്പെടും. 4.25നു കൊച്ചിയില്‍.

-കൊച്ചിയില്‍നിന്നു വൈകിട്ട് 5.15നു പുറപ്പെടും. ആറിനു കോയമ്പത്തൂരില്‍.

-കോയമ്പത്തൂരില്‍നിന്ന് 6.30നു പുറപ്പെടും. 7.30നു കൊച്ചിയില്‍.

നെടുമ്പാശേരിയില്‍നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കിയതിനെത്തുടര്‍ന്നു ജെറ്റ് എയര്‍വേയ്‌സ് വിമാനങ്ങള്‍ 26 വരെ തിരുവനന്തപുരത്തേക്ക് അധിക സര്‍വീസ് നടത്തും. ദിവസവും മുംബൈ -തിരുവനന്തപുരം – മുംബൈ, ബെംഗളൂരു -തിരുവനന്തപുരം – ബെംഗളൂരു സെക്ടറില്‍ ഓരോ സര്‍വീസുണ്ടാകും. 26 വരെ കൊച്ചിയിലേക്കും കൊച്ചിയില്‍നിന്നു പുറത്തേക്കും യാത്ര നിശ്ചയിച്ചിരുന്ന, ഉറപ്പാക്കിയ ടിക്കറ്റുള്ളവര്‍ക്കു യാത്രാ തീയതി മുതല്‍ പത്തുദിവസം വരെ തീയതി മാറ്റാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെറ്റ് എയര്‍വേയ്‌സിന്റ വെബ് സൈറ്റ്, മൊബൈല്‍ ആപ്, ടെലിഫോണ്‍: +91 (സിറ്റി കോഡ്) 39893333.

Similar Articles

Comments

Advertismentspot_img

Most Popular